കൊല്ലം: കോടികൾ മുടക്കി നവീകരിച്ച കൊട്ടാരക്കരയിലെ മിനി സ്റ്റേഡിയം കാടുമൂടി നശിക്കുന്നു. നിർമ്മാണം കഴിഞ്ഞ് ഒരു വർഷം പോലും തികയും മുൻപാണ് സ്റ്റേഡിയം ഈവിധം നശിക്കുന്നത്. കൊട്ടാരക്കര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ആണെങ്കിലും സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രാലയമാണ് ഒരു കോടി രൂപ മുടക്കി അടുത്തിടെ മിനി സ്റ്റേഡിയമാക്കിയത്. അതിന് മുൻപ് ക്രിക്കറ്റ് ബോർഡ് അടക്കം വിവിധ ഏജൻസികളുടെ ധനസഹായത്തോടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ തുക ചെലവിടുന്നതല്ലാതെ സ്റ്റേഡിയം സംരക്ഷിക്കാൻ സംവിധാനങ്ങളില്ല.
ചിലയിടങ്ങളിൽ ചെളിക്കുണ്ട്
കാട് മൂടുന്നതിന് പുറമെ വെളിച്ചത്തിനുള്ള സംവിധാനവുമില്ല. ചില ഭാഗങ്ങളിൽ തീർത്തും വെള്ളക്കെട്ടും ചെളിയുമാണ്. നാളെയുടെ കായിക പ്രതിഭകളെ വാർത്തെടുക്കാനായി തയ്യാറാക്കിയ സ്റ്റേഡിയം സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കുന്നില്ല. സ്കൂൾ കായിക മേളകളും കേരളോത്സവവും അടക്കം റവന്യൂ ജില്ലാതല മത്സരങ്ങളടക്കം നടക്കുന്ന സ്റ്റേഡിയമാണിത്. പല സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടേതടക്കം കായിക പരിശീലന കേന്ദ്രവുമാണ്. പുലർച്ചെ നാല് മണിമുതൽ സ്റ്റേഡിയത്തിൽ നടക്കാൻ ഒട്ടേറെ ആളുകളെത്താറുണ്ട്. കാട് മൂടിയതിനൊപ്പം ഇഴജന്തുക്കളുടെ ശല്യവും ഏറിയെന്നാണ് ഇവരുടെ പരാതി. സ്റ്റേഡിയത്തിലെ ഓട നിർമ്മാണവും അശാസ്ത്രീയമാണ്. ഇതുമൂലം വെള്ളം ചിലയിടങ്ങളിൽ കെട്ടിനിന്ന് ചെളിക്കുണ്ടായി മാറുന്നുമുണ്ട്. മുൻപ് മൂന്ന് തവണ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു തള്ളിയിരുന്നു. ഇവ പുനർ നിർമ്മിച്ചുവെങ്കിലും ഇനിയും ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയുമുണ്ട്. സ്റ്റേഡിയത്തിലെ മണ്ണ് നീക്കം ചെയ്ത് റോഡ് നിരപ്പാക്കാൻ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നതാണ്. എന്നാൽ എതിർപ്പുകളുണ്ടായതോടെ ആ നീക്കം ഉപേക്ഷിച്ചു. സ്റ്റേഡിയത്തിന്റെ ദുരിതാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് പൊതു ആവശ്യം.
ഓട അപകടക്കെണി
മൂടിയില്ലാത്ത ഓടയാണ് സ്റ്റേഡിയത്തിൽ നിർമ്മിച്ചതെന്നതുതന്നെ അലംഭാവം വ്യക്തമാക്കുന്നു. ഇത് ഇപ്പോൾ അപകടക്കെണിയായി മാറിയിട്ടുമുണ്ട്. ഓടയ്ക്ക് മുകളിൽ കാട് മൂടി. ക്രിക്കറ്റ് കളിക്കുന്നവർ പന്ത് അടിച്ച് തെറിപ്പിക്കുന്നത് എടുക്കാൻ ഓടുന്നവർ ഈ ഓടയിൽ വീഴുന്നത് പതിവാണ്. ഓടയ്ക്ക് മുകളിലെ കാട് വെട്ടിനീക്കാൻ പോലും അധികൃതർ ശ്രദ്ധിക്കുന്നില്ല.