കൊല്ലം : 18 കൊല്ലമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നീതി ലഭിക്കാതെ വലയുകയാണ് ഒരു അദ്ധ്യാപകൻ. നെടുമൺകാവ് യു.പി.എസിലെ ഹെഡ്മാസ്റ്ററായിരുന്ന കരീപ്ര സദാശിവ മന്ദിരത്തിൽ ആർ. സദാശിവനാണ് ഈ ദുരിതമനുഭവിക്കുന്നത്. 2003ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ 7750 രൂപയായിരുന്നു സദാശിവന്റെ അടിസ്ഥാന ശമ്പളം. പക്ഷേ കൈക്കൂലി നൽകാത്തതിൽ വൈരാഗ്യമുള്ള ഒരു ക്ലാർക്ക് ആർ. സദാശിവൻ അന്യായമായി സ്പെഷ്യൽ പേ വാങ്ങിയെന്ന് പറഞ്ഞ് അടിസ്ഥാന ശമ്പളം 7290 രൂപയായി കുറച്ച് കാണിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് 4800 രൂപ കിട്ടേണ്ടിടത്ത് ആദ്യമാസം 4300 രൂപ മാത്രമാണ് ലഭിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് കുറഞ്ഞത് 38000 രൂപയെങ്കിലും കിട്ടേണ്ടിടത്ത് 32504 രൂപ മാത്രമാണ് പെൻഷനായി ലഭിച്ചത്. എ.ഇ.ഒ ഓഫീസിലെ ക്ലർക്ക് സ്പെഷ്യൽ പേയുടെ പേരിൽ സൃഷ്ടിച്ച കുരുക്ക് കോടതി ഉത്തരവുകളുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അഴിക്കാൻ തയ്യാറാകുന്നില്ല. 74ൽ യു.പി വിഭാഗത്തിൽ പാർട്ട് ടൈം സംസ്കൃത അദ്ധ്യാപകനായി ആർ. സദാശിവൻ സർവീസിൽ പ്രവേശിച്ചത്. ഒന്നരമാസത്തിന് ശേഷം ഫുൾ ടൈം അദ്ധ്യാപകനായി. 78ൽ ഹൈസ്കൂൾ അദ്ധ്യാപകനായി . 1993ൽ നെടുമൺകാവ് യു.പി.എസിൽ ഹെഡ്മാസ്റ്ററായി നിയമച്ചു. കേരള സർവീസ് റൂൾ പ്രകാരം ഹൈസ്കൂളിൽ നിന്ന് നിയമിതനാകുന്നതിനാൽ യു.പി വിഭാഗം ഹെഡ്മാസ്റ്ററുടെ ശമ്പളം ലഭിക്കില്ല. എ.ഇ.ഒ ഒഫീസിൽ നിന്ന് സ്കൂളിൽ പരിശോധനയ്ക്കെത്തിയ ക്ലർക്ക് ഒരിക്കൽ ആർ. സദാശിവനോട് കൈക്കൂലി ചോദിച്ചു. അദ്ദേഹം അത് നിഷേധിച്ചു. അതിന്റെ വൈരാഗ്യത്തിലാണ് തന്റെ അടിസ്ഥാന ശമ്പളം കുറച്ച് കാണിച്ചതെന്ന് ആർ. സദാശിവൻ പറയുന്നു. നീതി നിഷേധത്തിനെതിരെ ലോകായുക്തയിൽ നിന്ന് 2007ൽ അനുകൂല വിധി ഉണ്ടായെങ്കിലും വദ്യാദ്യാസ വകുപ്പ് നടപ്പാക്കിയില്ല. പകരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. അത് തള്ളിയെങ്കിലും പിന്നീട് നൽകിയ റിട്ടിൽ കോടതി നടപടികൾ നീളുകയാണ്.