thankaseri

കൊല്ലം: വിദേശാധിപത്യത്തിന്റെ ശേഷിപ്പും ചരിത്ര സ്മാരകവുമായ തങ്കശേരിയിലെ ആർച്ചും ലൈറ്റ് ഹൗസും നാശത്തിന്റെ വക്കിൽ. 1936ൽ ബ്രിട്ടീഷ് ശൈലിയിൽ നിർമ്മിച്ച ആർച്ച് തങ്കശേരിയുടെ പോയകാല പ്രതാപത്തിന്റെ തെളിവായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന തങ്കശേരിയെയും രാജഭരണത്തിലായിരുന്ന തിരുവിതാംകൂറിനെയും അതിരിട്ടിരുന്ന 'കാവൽ ആർച്ച്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇടയ്ക് ഒരുതവണ പുനരുദ്ധാരണം നടത്തിയെങ്കിലും പിന്നെയും ജീർണാവസ്ഥയിലായി.

കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ അകലെയുള്ള കടൽത്തീരമാണ് തങ്കശേരി. 'തങ്കമ്മശേരി' എന്ന പദം ലോപിച്ചാണ് തങ്കശേരിയായത്. നൂറ്റാണ്ടുകളായി കൊല്ലത്തിന് വിദേശരാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. പോർച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും താവളമായിരുന്നു അറബിക്കടലിനോടു ചേർന്ന് 99 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന തങ്കശേരി. ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. ബക്കിംഗ് ഹാം കനാലും ബ്രിട്ടീഷ് സെമിത്തേരിയും 1885ൽ സ്ഥാപിതമായ മൗണ്ട് കാർമ്മൽ ആംഗ്ളോ ഇന്ത്യൻ ഗേൾസ് സ്കൂളും 1940ൽ സ്ഥാപിച്ച ഇൻഫന്റ് ജീസസ് സ്കൂളും വിദേശ അധിനിവേശത്തിന്റെ ഓർമ്മകൾ ബാക്കി വച്ചിരിക്കുന്നു. തങ്കശേരിയിൽ ഇന്നും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ താമസിക്കുന്നുണ്ട്. പല പുരാതന ആംഗ്ലോ ഇന്ത്യൻ ബംഗ്ലാവുകളും ഇവിടെ ഉണ്ടായിരുന്നു. നിലവിൽ അവശേഷിക്കുന്നവ തങ്കശേരി പാലസ് റോഡിൽ കാണാം. തങ്കശേരിയെ പൈതൃക ഗ്രാമമായി പുനർസൃഷ്ടിക്കാനുളള പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.

 വെളിച്ചം പകരുന്ന വിളക്കുമാടം

114 അടി ഉയരമുള്ള തങ്കശേരി ലൈറ്റ് ഹൗസ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസുകളിൽ ഒന്നാണ്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ പ്രകാശം പരത്തിയ ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതിയിലാണ് പ്രകാശിക്കുന്നത്. വെളിച്ചം 13 മൈൽ അകലെവരെ എത്തുന്നതിനാൽ കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കും. 1902ൽ നിർമ്മിച്ച ലൈറ്റ് ഹൗസ് 38 വർഷത്തിനുശേഷം ഇന്ത്യൻ ലൈറ്റ് ഹൗസ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പുതുക്കിപ്പണിതു.