കൊല്ലം: ശാസ്ത്രഗായകനും ബാലസാഹിത്യകാരനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കിളികൊല്ലൂർ രണ്ടാംകുറ്റി സതി മന്ദിരത്തിൽ വി.കെ. ശശിധരൻ (വി.കെ.എസ്, 83) അന്തരിച്ചു. കൊവിഡ് ബാധിതനായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നുദിവസം മുൻപ് ചെങ്ങന്നൂരിലെ മകളുടെ വീട്ടിലേക്ക് മാറിയിരുന്നു. കിഡ്നി സംബന്ധമായ രോഗങ്ങളുമുണ്ടായിരുന്നു. ഇന്നലെ പൂലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലത്തായിരുന്നു ജനനം. കുട്ടിക്കാലത്തു തന്നെ സംഗീതപഠനം ആരംഭിച്ചു. ആലുവ യു.സി കോളേജിലെ പഠനശേഷം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്തു. തുടർന്ന് മലപ്പുറം ഗവ. സ്കൂളിൽ രണ്ടുമാസം അദ്ധ്യാപകനായി. കൊട്ടിയം എസ്.എൻ പോളിടെക്‌നിക്കിൽ ജോലി ലഭിച്ചതോടെയാണ് കൊല്ലത്ത് സ്ഥിരതാമസമാക്കിയത്.
1969 മുതൽ ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമാണ്. കോളേജ് പഠനകാലത്തുതന്നെ കവിതകളും പാട്ടുകളുമെഴുതി സ്വന്തമായിചിട്ടപ്പെടുത്തി അവതരിപ്പിക്കുമായിരുന്നു. പരിഷത്തിന്റെ നേതാവായതോടെ ശാസ്ത്രഗാനങ്ങളുടെ പ്രചാരകനായി. ഇടശ്ശേരിയുടെ പൂതപ്പാട്ട് അദ്ദേഹം മനോഹരമായി ആലപിച്ച് ജനകീയമാക്കി. ടാഗോറിന്റെ ഗീതാഞ്ജലിയും അദ്ദേഹം അവതരിപ്പിക്കുമായിരുന്നു.
വി.കെ.എസിന് ഏറെ ഇഷ്ടം കുട്ടികളോട് സംവദിക്കാനായിരുന്നു. നിരവധി നാടകങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പുത്തൻകലവും അരിവാളും, ബാലോത്സവ ഗാനങ്ങൾ, കിളിക്കൂട്ടം, മധുരം മലയാളം തുടങ്ങി നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കി. ആയിരത്തോളം കുട്ടികളുടെ പാട്ടുസംഘങ്ങൾ രൂപീകരിച്ച് പരിശീലനം നൽകി. ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും സമീപനാളുകൾ വരെ കൊല്ലത്തെ സാംസ്കാരിക വേദികളിൽ സജീവസാന്നിദ്ധ്യമായിരുന്നു.
കരിക്കോട് ടി.കെ.എം ആർട്സ് കോളേജ് അദ്ധ്യാപികയായിരുന്ന പ്രൊഫ. കെ. വസന്തലതയാണ് ഭാര്യ. മകൾ: എസ്. ദീപ്തി (ചെങ്ങന്നൂർ സബ് ട്രഷറി). മരുമകൻ: ബി. സതീഷ് കുമാർ (സെക്രട്ടേറിയറ്റ്). ഉച്ചയ്ക്ക് ഒരു മണിക്ക് പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.