അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളും യുവതിയും
കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ശാരീരിക- മാനസിക പീഡനം നടത്തിയതായി പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടും ഭർതൃവീട്ടുകാരെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് നടത്തുന്നതെന്ന് ആരോപണം. പുനലൂർ തൊളിക്കോട് സ്വദേശിനിയായ 30 കാരിയും മാതാപിതാക്കളുമാണ് വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
പത്തനാപുരം പിറവന്തൂർ എലിക്കാട്ടൂർ സ്വദേശിയായ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പുനലൂർ പൊലീസിൽ ജൂൺ അവസാനവാരമാണ് പരാതി നൽകിയത്. 2020 ജൂൺ 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം കിടപ്പുമുറിയിലുൾപ്പടെ നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയതായി യുവതി പറയുന്നു. വീട്ടിൽ നിന്ന് മാതാപിതാക്കൾ ഫോൺ വിളിച്ചാൽ ലൗഡ് സ്പീക്കറിൽ സംസാരിക്കുക, തണുത്ത തറയിൽ കിടത്തുക, എല്ലാവർക്കും ഒപ്പം ഇരിക്കാൻ അനുവദിക്കാതെ അലക്കുകല്ലിൽ ഇരുത്തുക, ഭർത്താവിനൊപ്പം പുറത്ത് പോകാൻ അനുവദിക്കാതിരിക്കുക, മർദ്ദിക്കുക തുടങ്ങി നിരവധി ക്രൂരതകൾ നടന്നതായി യുവതി പറയുന്നു. മാനസികപ്രശ്‌നവും ജെന്നി രോഗവുമുള്ള യുവാവിന്റെ രോഗാവസ്ഥ മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും യുവതി ആരോപിച്ചു. ജൂൺ 15ന് രാത്രി 10ഓടെ ഭർത്താവ് തന്നെ യുവതിയുടെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നിയമസഹായ വേദി വഴി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ലെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെങ്കിലും ഭർതൃവീട്ടുകാരോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുകയാണെന്നും അവർ ആരോപിച്ചു.