കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ പടപ്പാട്ടുകാരനായിരുന്നു എഴുകോൺ സത്യൻ. പെരുമാറ്റം സൗമ്യമായിരുന്നെങ്കിലും സമരപഥങ്ങളിൽ അദ്ദേഹം അഗ്നിജ്വാലയായിരുന്നു. കശുഅണ്ടി തൊഴിലാളികളുടെ കൂലിയും ജോലിസമയവും ബോണസും സംബന്ധിച്ച ചർച്ചകളിലും തർക്കങ്ങളിലും പൊട്ടിത്തെറിക്കാനും അധികൃതരെ വിറപ്പിക്കാനും ആ ഉറച്ച ശബ്ദം ഇനിയില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇവിടുത്തെ തൊഴിലാളി മുന്നേറ്റങ്ങൾക്ക് ഇന്ധനമായി തുടരും.
അദ്ദേഹത്തിന്റെ ഹൃദയം നിറയെ എപ്പോഴും കശുഅണ്ടി തൊഴിലാളികളായിരുന്നു. കേരള കോൺഗ്രസിന്റെ (ജേക്കബ്) തൊഴിലാളി വിഭാഗമായ കെ.ടി.യു.സിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നിട്ടും അദ്ദേഹം എല്ലാ തൊഴിൽ മേഖലകളിലും കൈവച്ചില്ല. കശുഅണ്ടി തൊഴിലാളികൾക്കായി ജീവിതം തന്നെ മാറ്റിവയ്ക്കുകയായിരുന്നു. കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ കേരളകോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയുടെ നേതാവായി വളർന്നു. ഇതോടെ കേരളകോൺസിന്റെ സ്ഥാപക നേതാവായ കെ.എം. ജോർജ്ജിന്റെ പ്രിയപ്പെട്ടവനായി. പിന്നീട് പാർട്ടിയുടെ നെടുവത്തൂർ നിയോകജ മണ്ഡലം പ്രസിഡന്റായി. ചെറുപ്പത്തിൽത്തന്നെ കശുഅണ്ടി തൊഴിലാളി സംഘടനയുടെ ചുമതലയേറ്റെടുത്തു.
എല്ലാ ദിവസവും രാവിലെ കശുഅണ്ടി ഫാക്ടറിക്ക് മുന്നിലെത്തി തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കും. പിന്നീട് ഫാക്ടറിക്കുള്ളിൽ കയറി മുതലാളിമാരുമായി സംസാരിക്കും, അത് പലപ്പോഴും തർക്കമാകും. ഒടുവിൽ മുതിലാളിമാർ സത്യന് മുന്നിൽ അടിയറവ് പറയും. ഇങ്ങനെ എഴുകോൺ സത്യന്റെ തൊഴിലാളിപക്ഷ ഇടപെടലുകളിലൂടെ കേരളകോൺഗ്രസിന്റെ കശുഅണ്ടി തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ അതിവേഗമാണ് ജില്ലയിൽ വേരുറപ്പിച്ചത്.
എഴുകോൺ സത്യൻ ദീർഘകാലമായി കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനുമായിരുന്നു. മിൽമയുടെയും കാപെക്സിന്റെയും ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കാഷ്യു ഐ.ആർ.സി അംഗവുമായിരുന്നു. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ എഴുകോൺ പോച്ചക്കോണത്തെ വസതിയായ സന്നിധാനത്തിൽ 10ന് രാവിലെ നടക്കും.