കൊല്ലം: ദേശീയ ആരോഗ്യ ദൗത്യത്തിലെ വിവിധ തസ്തികകളിൽ നിയമന ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അഭിമുഖം തടഞ്ഞു. 600 ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ കട്ട് ഒഫ് മാർക്ക് വെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിന് പിന്നാലെ 11 പേർക്ക് കൂടി അഭിമുഖത്തിൽ പങ്കെടുക്കാൻ രഹസ്യമായി അനുമതി നൽകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കനത്ത പൊലീസ് കാവൽ മറികടന്നായിരുന്നു പ്രവർത്തകർ ഇന്റവ്യൂ ഹാളിൽ എത്തിയത്. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ രഹസ്യമായി പട്ടികയിൽ ഉൾപ്പെടുത്തിയവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. വൈകിട്ട് തന്നെ അഭിമുഖത്തിന്റെ ഫലം പ്രസിദ്ധീകരിക്കുമെന്ന് കൊല്ലം എ.സി.പി വിജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ എൻ.എച്ച്.എം അധികൃതർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പുനൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, ശരത് മോഹൻ, കൗഷിക് എം. ദാസ്, നസ്മൽ കളത്തിക്കാട്, ഹർഷാദ് മുതിരപറമ്പ്, അജു ചിന്നക്കട, ഉണ്ണിക്കൃഷ്ണൻ, ഗോകുൽ കടപ്പാക്കട തുടങ്ങിയവർ നേതൃത്വം നൽകി.