ചാത്തന്നൂർ : നിയോജക മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ്ടുവിൽ 1200ൽ 1200 മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാകമ്മിറ്റി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെ.പി. കേശവ മേനോൻ രചിച്ച 'നാം മുന്നോട്ട് ' 5 വാല്യങ്ങളും ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലുമാണ് സമ്മാനമായി നൽകിയത്. ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനം മേഖലാ പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ ഫാസിന്റെ പ്രസിഡന്റ് കെ. സദാനന്ദനെയും അക്യൂപങ്‌ചറിൽ ഡോക്ടറേറ്റ് നേടിയ ജയചന്ദ്രൻ തെറ്റിക്കുഴിയെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി അഡ്വ. കെ. പത്മ, എ.സി.പി.എം ചാത്തന്നൂർ മേഖലാ സെക്രട്ടറി മാമ്പള്ളി ജി.ആർ. രഘുനാഥൻ, ചാത്തന്നൂർ വിജയനാഥ്, രാജു കൃഷ്ണൻ, സുഭാഷ് പുളിക്കൽ, കെ. രാമചന്ദ്രൻ പിള്ള, പ്ലാക്കാട് ശ്രീകുമാർ, ആർ. ഷൈല എന്നിവർ പ്രസംഗിച്ചു. കെ. സദാനന്ദൻ, ഡോ. ജയചന്ദ്രൻ തെറ്റിക്കുഴി, എസ്.എൽ. സാന്ദ്ര, ആനന്ദ് വിജയൻ, അലൻ അജി, മുഹമ്മദ് സഹീർ, ശ്രേയസ് കൃഷ്ണ, മാധവി എം. നായർ, ഡി. വിനായക, വി. അഖില മോഹൻ എന്നിവർ മറുപടിപ്രസംഗം നടത്തി. ഗായിക ജാനകി എം. നായരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും സംഘടിപ്പിച്ചു.