കൊല്ലം: ഡി.സി.സി പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് രാത്രിയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ തടഞ്ഞ് ഗ്ലാസുകൾ അടിച്ചുതകർത്ത കേസിൽ ഡി.സി.സി.ജനറൽ സെക്രട്ടറി അൻസർ അസീസ് ഉൾപ്പടെയുള്ളവരെ 12 വർഷത്തിനു ശേഷം കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടു.

2009 ഫെബ്രുവരി 24 ന് രാത്രി എട്ടരയോടെ തിരുവനന്തപുരത്തു നിന്നു മാളയിലേക്ക് പോകുകയായിരുന്ന ബസ് ആനന്ദവല്ലീശ്വരത്ത് തടഞ്ഞിട്ട് ഗ്ളാസുകൾ തകർത്തതിന് കൊല്ലം വെസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസിലാണ് അൻസർ അസീസ്, സുരേഷ് പ്രാക്കുളം,സുകേഷ് തേവള്ളി, അജി പള്ളിത്തോട്ടം, ജഗന്നാഥൻ എന്നിവരെ മജിസ്ട്രേറ്റ് ആതിര ആർ.എസ്.പണിക്കർ കുറ്റവിമുക്തരാക്കിയത്. അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന, പരേതനായ കടവൂർ ശിവദാസന്റെ വീടിന്റെ ജനൽചില്ലുകൾ അക്രമികൾ കല്ലെറിഞ്ഞുടച്ചതിൽ പ്രതിഷേധിച്ചാണ് ബസിന് നേരേ ഇവർ ആക്രമണം നടത്തിയത് എന്നായിരുന്നു കേസ്. അഭിഭാഷകരായ ധീരജ് രവി, സുനിൽകുമാർ, പ്രേം നാദധാര, ആർ. ശ്രീജിത്ത് എന്നിവർ പ്രതികൾക്കു വേണ്ടി ഹാജരായി.