കൊല്ലം : പട്ടാഴി ഗ്രാമപഞ്ചായത്തിന് സമ്പൂർണ ശുചിത്വ പദവി. ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓ .ഡി .എഫ് പ്ലസ് മോഡൽ പഞ്ചായത്ത് പ്രഖ്യാപനവും ഹരിതശ്രീ വാർഡ് തല നിരീക്ഷണ സമിതി ഉദ്ഘാടനവും പത്തനാപുരം ബ്ലോക്ക് പ്രസിഡന്റ് ആനന്ദവല്ലി നിർവഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി തോമസ് മുഖ്യപ്രഭാഷണം നടത്തി . ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിൻ ജോയി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. എസ്.സുജാത, വാർഡ് മെമ്പർമാരായ ബദറുദ്ദീൻ, അരുൺ പഞ്ചായത്ത് സെക്രട്ടറി, അരുൺ അലക്സാണ്ടർ, വി. ഇ. ഒ ഉണ്ണികൃഷ്ണൻ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ബിന്ദു ലേഖ എന്നിവർ സംസാരിച്ചു. ഹരിത സഹായ സ്ഥാപനം പത്തനാപുരം ബ്ലോക്ക് കോഡിനേറ്റർ രാജു ടെറൻസ് സ്വാഗതവും വി .ഇ. ഒ അഭിജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ശുചിത്വ പ്രതിജ്ഞ ചൊല്ലി ചടങ്ങ് അവസാനിപ്പിച്ചു.
പുതിയ പദ്ധതികൾക്ക് തുടക്കം
ഓ.ഡി .എഫ് പ്ലസ് ബ്ലോക്കിലെ ഏക മോഡൽ പഞ്ചായത്ത് എന്ന പദവി നേടിയതോടെ ബ്ലോക്കിലെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. അജൈവ മാലിന്യ ശേഖരണം നടപ്പിലാക്കാൻ വാതിൽപ്പടി ശേഖരണം നൂറുശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി ചേർന്നു കൊണ്ട് ഹരിതശ്രീ വാർഡ് തല നിരീക്ഷണ സമിതിക്ക് രൂപം നൽകി. ആരോഗ്യ ദായക വോളണ്ടിയർമാരുടെ കൂട്ടായ്മക്ക് വാർഡ് മെമ്പർമാർ നേതൃത്വം നൽകുന്നു. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും നിയമനടപടികൾക്ക് വിധേയരാകുന്നതിനുമായി യുവാക്കളുടെ കൂട്ടായ്മയായ ക്ലീൻ ആർമി, വാർഡ് മെമ്പർ മാരുടെ നേതൃത്വത്തിൽ പ്രതിമാസ പൊതു ഇട ശുചീകരണ പരിപാടികൾ, മാർക്കറ്റിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ്, ഗ്രീൻ പ്രോട്ടോകോൾ പരിപാലിക്കുവാൻ വ്യാപാരി കൂട്ടായ്മ, എന്നിങ്ങനെ നൂതനവും ജനപങ്കാളിത്തത്തോട് കൂടിയതുമായ പദ്ധതികളാണ് ഒരുങ്ങുന്നത്.