കൊല്ലം: 'കിലുകിലുക്കും കിലുകിലുക്കും ചെപ്പുകൾ ഞങ്ങൾ
കളകളാരവം പൊഴിയും മുത്തുകൾ ഞങ്ങൾ'
മധുരമുള്ള താളവും സ്വരവും സമാസമം ചേർത്ത് വി.കെ.എസ് ഇങ്ങനെ പാടുമ്പോൾ ബാലവേദി കൂട്ടുകാർ അതേറ്റുപാടും. അപ്പോൾ വി.കെ.എസ് പറയും. 'ഇത്രയും പോര, കുറേക്കൂടി ഉറക്കെ ചൊല്ലണം...' കുട്ടികൾ അപ്പോൾ ഒച്ച കൂട്ടി കൂടെപ്പാടും. ബാലവേദികളിൽ മാത്രമല്ല ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകങ്ങളിലും കലാജാഥകളിലും വി.കെ. ശശിധരനെന്ന വി.കെ.എസിന്റെ പാട്ടുകൾക്കൊപ്പം കാണികൾ കൈയടിച്ച് പാടുമായിരുന്നു. അങ്ങനെ എല്ലാവർക്കും ഏറ്റുപാടാവുന്നതായിരുന്നു വി.കെ.എസിന്റെ താളങ്ങൾ. ഇന്നലെ അദ്ദേഹം യാത്രയായെന്ന് അറിഞ്ഞ സങ്കടത്തിനൊപ്പം ആരാധകരുടെ മനസിൽ നിറഞ്ഞത് വി.കെ.എസ് പാടിപ്പഠിപ്പിച്ച പാട്ടുകളാണ്.
ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളമനസുകളിൽ ഉറപ്പിച്ചതും വി.കെ.എസാണ്. വേദികളിൽ പൂതപ്പാട്ട് ചൊല്ലുമ്പോൾ വി.കെ.ശശിധരൻ ഭൂതമായും നങ്ങേലിയായും കുഞ്ഞുണ്ണിയായും പകർന്നാടും. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും അദ്ദേഹം മനോഹരമായ ശബ്ദത്തിൽ മലയാളികളുടെ മനസിൽ നിറച്ചു. അനീതികൾക്കെതിരെയും പാട്ടുകളുടെ രൂപത്തിൽ അദ്ദേഹത്തിന്റെ പ്രതിഷേധം ഉയർന്നു. പരിഷത്തിന്റെ കലാജാഥകളെയും തെരുവ് നാടകങ്ങളെയും കൂടുതൽ ജനകീയമാക്കിയത് വി.കെ.എസിന്റെ സാന്നിദ്ധ്യമായിരുന്നു.
അച്ഛനായ എം.സി. കുമാരൻ കുഞ്ഞാണ് വി.കെ. ശശിധരന്റെ സംഗീതവാസന തിരിച്ചറിഞ്ഞത്. പ്രമുഖ സംഗീതജ്ഞനായ പരമുദാസ് ഭാഗവതരെ വീട്ടിൽ വരുത്തി സംഗീതം പഠിപ്പിച്ചു. ആഴത്തിൽ സംഗീതം പഠിച്ചെങ്കിലും ചൊൽക്കാഴ്ചകളിലും തെരുവ് നാടകങ്ങളിലും സംഗീതത്തിന്റെ ചിട്ടവട്ടങ്ങൾ അദ്ദേഹം മാറ്റിവച്ചു. കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ ജോലി ലഭിച്ചതോടെയാണ് എറണാകുളത്തെ വടക്കൻ പറവൂരിൽ ജനിച്ച അദ്ദേഹം കൊല്ലത്ത് എത്തിയത്. കുട്ടികൾക്കായി വി.കെ.എസിന്റെ ഇരുപതിലേറെ സംഗീത ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ശാസ്ത്ര സഹിത്യ പരിഷത്തിന്റെയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ തുടങ്ങിയ ഇടത് പ്രസ്ഥാനങ്ങളുടെയും സമ്മേളനങ്ങളിൽ സ്വാഗതഗാനം ഒരുകാലത്ത് വി.കെ.എസിന്റെ കുത്തകയായിരുന്നു.