കൊല്ലം: മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ, നേരിട്ട് നൽകിയ ഉത്തരവ് നടപ്പാക്കുന്നതിൽ കുണ്ടറ പൊലീസ് കാട്ടിയ അലംഭാവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകി.

വീട് നിർമ്മാണത്തിന് 2.95 ലക്ഷത്തിന്റെ കരാർ ഒപ്പിട്ട ശേഷം 1.40 ലക്ഷം മാത്രം നൽകി, കരാറുകാരനായ തന്റെ ഭർത്താവിനെ വീട്ടുടമകളായ ദമ്പതികൾ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി കേരളപുരം സ്വദേശിനി ശ്രീദേവി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മിഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരി, കരാർ രേഖ കുണ്ടറ പൊലീസിന് കൈമാറി. 2021 മേയ് 17 ന് മുമ്പ് തർക്കത്തിൽ തീർപ്പുണ്ടാക്കാമെന്ന് കുണ്ടറ എസ്.ഐ ഷാജഹാൻ പരാതിക്കാരിക്ക് ഉറപ്പു നൽകി. 2021 ആഗസ്റ്റ് 10 ന് കൊല്ലത്ത് നടന്ന സിറ്റിംഗിൽ സി.ഐ ഹാജരായെങ്കിലും കമ്മിഷൻ ഉത്തരവിൻമേൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ മാസത്തെ സിറ്റിംഗിന് മുമ്പ് പരാതിയിൽ തീർപ്പുണ്ടാക്കണമെന്ന് കമ്മിഷൻ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. ക്യാമ്പ് സിറ്റിംഗുകളിൽ നൽകുന്ന നിർദ്ദേശങ്ങൾ അവഗണിക്കുന്നത് മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു.