കൊല്ലം: സുഹൃത്തിന്റെ വീട് മാറ്റവുമായി ബന്ധപ്പെട്ട് സഹായിക്കനെത്തിയ യുവാക്കളെ ആക്രമിച്ച സംഘത്തിലെ രണ്ടു പേർ പിടിയിൽ. മുഖത്തല പാങ്കോണം കാരക്കാട്ട് വീട്ടിൽ ധനിൻ രാജ് (23), മുഖത്തല കിഴവൂർ ഷീലാ ഭവനിൽ ഗിരീഷ് കുമാർ (46) എന്നിവരാണ് പിടിയിലായത്.

സുഹൃത്തായ പ്രദീപിന്റെ വാടക വീട് മാറുന്നതിന് സഹായിക്കാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. തൃക്കോവിൽവട്ടം പാങ്കോണം കശുഅണ്ടി ഫാക്ടറിക്കടുത്തുളള ഷാജിതയുടെ വീട്ടിൽ നിന്നു സാധനങ്ങൾ എടുത്തു മാറ്റുമ്പോഴായിരുന്നു ആക്രമണം. പുറത്തു നിന്നുളളവർ ജോലി ചെയ്യേണ്ടയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. നാലു പേർക്കാണ് പരിക്കേറ്റത്. മുഖാസ്ഥിക്ക് പൊട്ടലേറ്റ മുണ്ടയ്ക്കൽ സ്വദേശിയായ പ്രജിത്തിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുഖത്തലയിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് അംഗീകൃത ചുമട്ടു തൊഴിലാളി സംഘടനകളുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.