koottikkada-
കൂട്ടിക്കടയിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ

കൊല്ലം: ഇരവിപുരം കൂട്ടിക്കടയിൽ ബൈക്കിലെത്തിയ നാലംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ചു. വാളത്തുംഗൽ കണ്ണങ്കര തൊടിയിൽ രജിത്ത് കുമാർ (38 - അജിത്), കൂട്ടിക്കട കരുവാങ്കുഴി പടിഞ്ഞാറ്റതിൽ സുൽഫി (40), അമ്പുവടക്കതിൽ ധനിൽ (33) എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9ന് സുഹൃത്തുക്കളുമൊത്ത് കൂട്ടിക്കട ജംഗ്‌ഷനിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ധനിൽ ഉൾപ്പടെയുള്ളവരെ വെട്ടിയത്. കവലയിലെ ചായക്കടയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു ധനിൽ. ഇദ്ദേഹത്തിന് മുതുകിനാണ് വെട്ടേറ്റത്. നാലോളം തയ്യലുകളുണ്ട്. തലയ്ക്ക് വെട്ടേറ്റ രജിത്തിന് എട്ടോളം തയ്യലുകളുണ്ട്. രണ്ടു മാസം മുൻപ് വാഹനം തട്ടിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അന്ന് തർക്കത്തെ തുടർന്ന് സുൽഫിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഇരവിപുരം സ്വദേശിയായ മിറാഷിനെതിരെ കേസെടുത്തെങ്കിലും സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചെന്നും ആരോപണമുണ്ട്. കൊലപാതകം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിറാഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസവും നാലംഗ സംഘം ആക്രമണം നടത്തിയത്. മിറാഷ് ഉൾപ്പെടെ കണ്ടാൽ തിരിച്ചറിയാവുന്ന നാലുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. പരിക്കേറ്റവർ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.