നഗരത്തിലെ 10 ഇടങ്ങളിൽ കേന്ദ്രങ്ങൾ
കൊല്ലം: നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയുടെ നേതൃത്വത്തിൽ ഹരിതസഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ആകെയുള്ള പത്ത് ഹെൽത്ത് സോണുകളിലും ഓരോ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. നഗരസഭ ആസ്ഥാനത്തോട് ചേർന്നാകും ആദ്യ കേന്ദ്രം.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുടെ ഏകോപനം, മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഒരു കുടക്കീഴിലാക്കുക എന്നിവയാണ് ഹരിത സഹായ കേന്ദ്രത്തിന്റെ പ്രധാന ചുമതല. വലിച്ചെറിയുന്ന വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വസ്തുക്കളുടെ പ്രദർശനം. പുനരുപയോഗ യോഗ്യമായവയുടെ വില്പന എന്നിവയും ഇവിടം കേന്ദ്രീകരിച്ച് നടക്കും. വരുമാനം ഹരിത കർമ്മസേനാംഗങ്ങൾക്ക് പകുത്തുനൽകും. കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഉടനീളം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളും നടക്കും. ഇന്ന് ചേരുന്ന കൗൺസിൽ യോഗം സഹായ കേന്ദ്രങ്ങൾക്ക് സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നവ
മാലിന്യ സംസ്കരണ ഉപകരണങ്ങൾ
ഇനോക്കുലം
തുണി സഞ്ചി, ചൂല്, മുറം, കുട്ട, വട്ടി
പച്ചക്കറി വിത്തുകൾ, തൈകൾ, വളം
കീടനാശിനി
ഊർജ്ജ സംരക്ഷണ ഉപകരണങ്ങൾ
ഗ്രോ ബാഗ്
വീടുകളിൽ നിന്നു ശേഖരിക്കുന്നത്
അജൈവ മാലിന്യം
പച്ചക്കറി തൈകൾ
കമ്പോസ്റ്റ്
സ്ലെറി
ലഭിക്കുന്ന സേവനങ്ങൾ
മത്സ്യക്കുളം, സോളാർ പ്ലാന്റ്, അടുക്കളത്തോട്ടം എന്നിവയുടെ നിർമ്മാണം
കിണർ റീച്ചാർജ്ജിംഗ്
ഗ്രീൻ പ്രോട്ടോക്കാൾ പാലിച്ച് ചടങ്ങുകളുടെ സംഘാടനം
ഗ്രീൻ പ്രോട്ടോക്കാൾ പാലിക്കാനുള്ള ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ
ഹൈഡ്രോപോണിക്സ്, അക്വോപോണിക്സ് കൃഷി രീതികൾ