തഴവ: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ഉൾനാടൻ സർവീസുകൾ നിലച്ചതോടെ രൂക്ഷമായ യാത്രാക്ലേശം വൻ വെല്ലുവിളിയാകുന്നു. കുലശേഖരപുരം വള്ളിക്കാവ്, തുറയിൽ കടവ്, കാട്ടിൽ കടവ്, ആലുംകടവ് , പാവുമ്പ, പതാരം തുടങ്ങി ഭൂരിഭാഗം പ്രദേശത്തേക്കുമുള്ള സർവീസുകളും ലോക്ക്ഡൗണിനെത്തുടർന്നാണ് നിറുത്തലാക്കിയത്. എന്നാൽ നിയന്ത്രണങ്ങളിൽ അയവ് വരികയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിക്കുകയും ചെയ്തതോടെ വിവിധ സ്ഥാപനങ്ങളിലേക്ക് പോകേണ്ട ജീവനക്കാർ ഉൾപ്പടെയുള്ളവർ ദേശീയ പാതയിൽ ബസിറങ്ങി കിലോമീറ്ററുകളോളം കാൽനടയായി പോകേണ്ട ഗതികേടിലാണ്.
മുൻപ് 72 സർവീസുകൾ
27 ഉൾനാടൻ സർവീസുകൾ മുടങ്ങി
ആവശ്യത്തിന് ബസില്ല
ലോക്ക്ഡൗണിന് മുൻപ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 72 സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് 48 മുതൽ 51 വരെയാക്കി ചുരുക്കി. സർവീസ് നടത്തുന്നതിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ആവശ്യത്തിന് ബസില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. കരുനാഗപ്പള്ളിയിൽ മതിയായ രീതിയിൽ സർവീസ് നടത്തുന്നതിന് മുപ്പതോളം ബസുകളാണ് ഇപ്പോൾ ആവശ്യം. നിലവിൽ 27 ഉൾനാടൻ സർവീസുകളാണ് മുടങ്ങിക്കിടക്കുന്നത് . ഇതോടെ പരിമിതമായി മാത്രം സർവീസ് നടത്തുന്ന വാഹനങ്ങളിൽ അപകടകരമായ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സ്കൂളുകൾ കൂടി തുറക്കുന്നതോടെ യാത്രാക്ലേശം ഗുരുതരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.