നിയന്ത്രണങ്ങൾ അയഞ്ഞതോടെ പാലം കാണാൻ തിരക്കേറും
കൊല്ലം: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകവും എൻജിനീയറിംഗ് വിസ്മയവുമായ പുനലൂർ തൂക്കുപാലം, കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞ പശ്ചാത്തലത്തിൽ വീണ്ടും സഞ്ചാരികളെ ആകർഷിക്കാൻ സജ്ജമാകുന്നു.
ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട് തൂക്കുപാലത്തിന്. കൊവിഡിന് മുൻപ് നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ അപൂർവ്വ പാലം കാണാൻ എത്തിയിരുന്നത്. വിശേഷ അവസരങ്ങളിൽ ഇത് അഞ്ഞൂറും ആയിരവുമൊക്കെയാകും. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് തൂക്കുപാലം നിർമ്മിച്ചതെന്ന് ചരിത്രരേഖകൾ പറയുന്നു. പറയുന്നത്. ദിവാൻ നാണുപിള്ളയാണ് പാലം നിർമ്മിക്കാൻ 1871ൽ അനുമതി നൽകിയത്. ബ്രിട്ടീഷ് സാങ്കേതിക വിദഗ്ദ്ധൻ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകല്പനയും നിർമ്മാണവുമാരംഭിച്ച് 1877ൽ പൂർത്തിയാക്കി. 1880ൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാൻ വേണ്ടിയാണത്രേ തൂക്കുപാലമായി നിർമ്മിച്ചത്. മൃഗങ്ങൾ കയറുമ്പോൾ പാലം ഇളകും. ഇതോടെ ഇവ പേടിച്ച് പിൻമാറും. രണ്ട് തൂണുകളും കൂറ്റൻ ഇരുമ്പു വടങ്ങളും ഉപയോഗിച്ചാണ് പാലം പൂർത്തിയാക്കിയിരിക്കുന്നത്. 1970 കളിൽ ഗതാഗതം നിലച്ച ഈ പാലം 1990ൽ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് പാലം നവീകരിച്ചു. അതോടെ പുനലൂർ തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി. കോൺക്രീറ്റ് പാലം ഒഴിവാക്കി തൂക്കുപാലത്തിലൂടെ നടന്നാണ് സഞ്ചാരികൾ കല്ലടയാർ കടക്കുന്നത്.
കരുത്തുകാട്ടാൻ ആനകളെ കയറ്റി!
തൂക്കുപാലം പണികഴിഞ്ഞിട്ടും പുനലൂരിലെ ജനങ്ങൾ പാലത്തിന്റെ ബലത്തിൽ സംശയിച്ച് ഉപയോഗിക്കാൻ മടിച്ചുവത്രേ. വിവരമറിഞ്ഞ് ആൽബർട്ട് ഹെൻട്രി കുടുംബവുമൊത്ത് പാലത്തിന് അടിയിൽ കൂടി ബോട്ടിൽ സഞ്ചരിച്ചു. മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തിച്ചു. പിന്നീടാണ് പാലം ഉപയോഗിക്കാൻ നാട്ടുകാർ ധൈര്യപ്പെട്ടതെന്നാണ് കഥ.
വിസ്മയം ഈ പാലം
നിർമ്മാണ കാലം: 1872 മുതൽ 1877 വരെ
വേണ്ടിവന്നത്: 2212 ദിവസം
പ്രതിദിനം പണിയെടുത്തത് 200ലേറെപ്പേർ
ആകെ ചെലവ്: 3 ലക്ഷം
പാലത്തിന്റെ നീളം: 400 അടി
ആർച്ചുകൾക്കിടയിൽ 200 അടി നീളം
ആർച്ചുകൾക്ക് ഇരുവശവും 100 അടി വീതം നീളം
പാലം തൂക്കിയത് 53 കണ്ണികൾ വീതമുള്ള 2 ചങ്ങലകളിൽ