ഓച്ചിറ: ഗാന്ധിജയന്തി ദിനത്തിൽ അഴീക്കൽ കായലോരം വൃത്തിയാക്കി ഊരാളുങ്കൽ കൂട്ടായ്മ . കൊല്ലം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കൽ പാലത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് അഴീക്കൽ കടൽതീരവും കായൽതീരവും വൃത്തിയാക്കിയത്. അറുപതോളം വരുന്ന യു.എൽ.സി.സി.എസ് തൊഴിലാളികളാണ് ശുചീകരണപ്രവർത്തത്തിൽ ഏർപ്പെട്ടത്. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പാലം നിർമ്മാണ സൈറ്റിലെ അവശിഷ്ടങ്ങളും അവർ ശേഖരിച്ചു. വലിയഴീക്കൽ - അഴീക്കൽ പ്രദേശങ്ങളെ അഴിമുഖത്തിന് കുറുകെ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററിലധികം നീളമുള്ള പാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായി വരികയാണ്. പാലം ഉടൻ നാടിന് സമർപ്പിക്കും. ശുചീകരണ പരിപാടി സൈറ്റ് ലീഡർ കെ. ടി. കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് എൻജിനീയർ സി. പി. സിറാജുദീൻ അദ്ധ്യക്ഷനായി. എൻജിനീയർ സൂരജ്, സെഫ്റ്റി ഓഫീസർ എസ് .എസ് .ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.