v

യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി റെയിൽവേ

കൊല്ലം: കൊവിഡ് നിയന്ത്രണം അയഞ്ഞതോടെ ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച മുതൽ റെയിൽവേ സീസൺ ടിക്കറ്റ് അനുവദിച്ചു തുടങ്ങിയെങ്കിലും യാത്രക്കാർക്ക് ഗുണമില്ല. പഴയ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെ റിസർവ്ഡ് എക്സ് പ്രസുകളാക്കിയതും അൺറിസർവ്ഡ് ട്രെയിനുകളിൽ പലതിലും സീസൺ ടിക്കറ്റ് അനുവദിക്കാത്തതുമാണ് പ്രശ്നം.

കൊല്ലം വഴി നിലവിൽ 52 ട്രെയിനുകളുണ്ട്. ഇതിൽ സീസൺ ടിക്കറ്റ് ഏതൊക്കെ ട്രെയിനുകളിൽ ലഭിക്കുമെന്ന കാര്യത്തിൽ റെയിൽവേ അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. രണ്ട് മെമു ഉൾപ്പടെ 10 സർവ്വീസുകളിൽ ലഭിക്കുമെന്നാണ് ചില ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഇന്നലെ ഈ ട്രെയിനുകളിൽ പലതിലും സീസൺ ടിക്കറ്റ് അനുവദിച്ചില്ല. അനുവദിച്ചിട്ടുള്ളവയിൽ ഭൂരിഭാഗത്തിന്റെയും സമയം കൊല്ലത്തെ യാത്രക്കാർക്ക് ഗുണപ്പെടില്ല. സീസൺ ടിക്കറ്റ് ലഭിക്കുന്ന മൂന്ന് സർവീസുകളും പുലർച്ചെയാണ് കൊല്ലത്ത് നിന്നു പുറപ്പെടുന്നത്. ഒരെണ്ണം രാത്രി 10.30ന് ആളൊഴിഞ്ഞ് എത്തുന്നതുമാണ്. രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയും യാത്ര ചെയ്യുന്ന ജീവനക്കാർക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും കാര്യമായ ഗുണമുണ്ടാകുന്നില്ല.

സീസൺ ടിക്കറ്റ് അനുവദിച്ച ട്രെയിനുകൾ

 പുലർച്ചെ 3.50ന് പുറപ്പെടുന്ന കൊല്ലം- നഗർകോവിൽ

 വൈകിട്ട് 4.55ന് എത്തുന്ന നാഗർകോവിൽ കോട്ടയം

 രാവിലെ 7.35ന് എത്തുന്ന പുനലൂർ- തിരുവനന്തപുരം

 വൈകിട്ട് 6.45ന് എത്തുന്ന തിരുവനന്തപുരം- പൂനലൂർ

 പുലർച്ചെ 3.30ന് പുറപ്പെടുന്ന ആലപ്പുഴ മെമു

 രാത്രി 7.50ന് എത്തുന്ന പുനലൂർ -ഗുരുവായൂർ

 ഉച്ചയ്ക്ക് 12.40ന് എത്തുന്ന ഗുരുവായൂർ- പുനലൂർ

 പുലർച്ചെ 4ന് പുറപ്പെടുന്ന കോട്ടയം മെമു

 രാത്രി 7.40ന് എത്തുന്ന ആലപ്പുഴ -എറുണാകുളം മെമു

 രാത്രി 10.20ന് വരുന്ന കോട്ടയം- എറുണാകുളം മെമു

ട്രെയിനുകളിൽ തർക്കം പതിവ്

സ്റ്റേഷനുകളിൽ നിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന അൺറിസർവ്ഡ് ട്രെയിനേത്, മുൻകൂട്ടി റിസർവ് ചെയ്യേണ്ട റിസർവ്ഡ് ട്രെയിനേത് എന്ന് യാത്രക്കാർക്ക് വ്യക്തമല്ലാത്ത അവസ്ഥ. അതുകൊണ്ട് ട്രെയിനുകളിൽ യാത്രക്കാരുമായി ടി.ടി.ആർമാരും ആർ.പി.എഫുകാരും തർക്കിക്കുന്നത് പതിവായിരിക്കുകയാണ്.

റെയിൽവേയുടെ പിഴവ്, യാത്രക്കാർക്ക് പിഴ

റിസർവ്ഡ് ട്രെയിനുകളിൽ സീസൺ ടിക്കറ്റുമായി കയറിയ നിരവധി യാത്രക്കാർക്ക് ഇന്നലെ ഫൈനടിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ വൻതുക പിഴ ഇനത്തിൽ റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. അൺറിസർവ്ഡ് ട്രെയിനുകളെന്ന് കരുതി സ്പെഷ്യൽ ട്രെയിനുകളിൽ കയറുന്നവർക്ക് താങ്ങാനാകാത്ത തുകയാണ് പിഴ ചുമത്തുന്നത്.

യാത്ര ചെയ്യാൻ ട്രെയിനില്ലാതെ സീസൺ ടിക്കറ്റ് അനുവദിച്ചതുകൊണ്ട് ഗുണമില്ല. നിലവിലെ എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കണം. നേരത്തെ നടത്തിയിരുന്ന പാസഞ്ചർ, മെമു സർവ്വീസുകൾ പുനരാരംഭിക്കണം. യാത്രക്കാർക്ക് ഗുണകരമാകാത്ത സമയക്രമീകരണം പുന:പരിശോധിക്കണം

ജെ. ലിയോൺസ്, സെക്രട്ടറി, ഫ്രണ്ട്സ് ഓൺ റെയിൽസ്