കൊല്ലം : മകനെ ഓച്ചിറ പൊലീസ് കള്ളക്കേസിൽ കുരുക്കുന്നതായി ആരോപിച്ച് അമ്മ സമർപ്പിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ തള്ളി.
കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ഓച്ചിറ സ്വദേശി അലുവാ എന്നു വിളിക്കുന്ന അതുലിന്റെ അമ്മ സമർപ്പിച്ച പരാതിയാണ് കമ്മിഷൻ തള്ളിയത്. അതുൽ ഓച്ചിറ, കായംകുളം, കടുത്തുരുത്തി സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണെന്ന്കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ(തടയൽ) നിയമപ്രകാരം ഇയാൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കമ്മിഷനെ സമീപിച്ചതെന്നും റിപ്പോർട്ടിലുണ്ട്.