കൊട്ടാരക്കര: ഒറ്റപ്പെടലിൻറെ വേദനയിൽ ആത്മഹത്യയുടെ വക്കിലെത്തിയ വയോധികന് കലയപുരം ആശ്രയ സങ്കേതം അഭയം നൽകി. കണ്ണൂർ ചേളേരി പുല്ലുപ്പി മലവിള പൊയ്കയിൽ ജപമണിയേയാണ് (69) ആശ്രയ ഏറ്റെടുത്തത്. ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. പത്തുവർഷത്തോളം പ്രവാസ ജീവിതം നയിച്ച ജപമണി നാട്ടിലെത്തിയെങ്കിലും കുടുംബ പ്രശ്നങ്ങൾകാരമം വീടുവിട്ടിറങ്ങേണ്ടി വന്നു. പിന്നീട് കണ്ണൂർ തളിപ്പറമ്പിൽ ഒരു ഒറ്റമുറി വീട്ടിൽ കഴിഞ്ഞ പതിന്നാലു വർഷമായി തനിച്ച് കഴിഞ്ഞുവരികയായിരുന്നു.ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് കഴിഞ്ഞു വരുന്നതിനിടയിൽ വാഹനപകടത്തിൽ കാലിന് പരിക്കേറ്റതോടെ വലിയ ജോലിയൊന്നും ചെയ്യാൻ കഴിയാതെയായി.

പിന്നീട് തുശ്ചമായി കിട്ടിയിരുന്ന പെൻഷനായിരുന്നു

ജപമണിയുടെ ഏക ആശ്രയം. ദുരിതങ്ങൾ വ‌ർദ്ധിച്ചതോടെ എന്നോ പരിചയപ്പെട്ട കൊല്ലം സ്വദേശി പാസ്റ്റർ ബൈജു ജോസഫിനെ വിളിച്ച് തന്റെ അവസ്ഥ പറഞ്ഞു. ബൈജു ജോസഫിന്റെ നിർദ്ദേശ പ്രകാരം ജപമണി ആശ്രയ സങ്കേതത്തിൽ എത്തിച്ചേരുകയായിരുന്നു. ജപമണിയുടെ ദുഖകഥ കേട്ട ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ജപമണിയെ സങ്കേതത്തിലേക്കു സ്വീകരിച്ചു.