കൊല്ലം :വീട്ടിൽ കയറി കുടുംബനാഥനെയും വീട്ടുകാരെയും ആക്രമിച്ച സംഘം പൊലീസ് പിടിയിലായി. ഓച്ചിറ ചങ്ങൻകുളങ്ങര തണ്ടാശ്ശേരി തെക്കതിൽ വീട്ടിൽ ബിബിൻരാജ് (21) ഓച്ചിറ വലിയകുളങ്ങര മീനാക്ഷി ഭവനത്തിൽ അജയ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ പ്രതികൾ മാരകായുധങ്ങളുമായി ക്ലാപ്പന കോട്ടയ്ക്ക്പുറം സ്‌നേഹ ഭവനം വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഗൃഹനാഥനായ സുരേഷിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെയും മകളെയും ഉപദ്രവിച്ചു. സുരേഷിന്റെ ഇടത് വാരിയെല്ലും കൈയുടെയും അസ്ഥികളും ഒടിഞ്ഞു. ഓച്ചിറ, കരുനാഗപ്പളളി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം അടക്കമുളള നിരവധി കേസുകളിലെ പ്രതിയാണ് ബിബിൻരാജ്. പ്രതികളെ രാത്രി തന്നെ ഓച്ചിറയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പളളി ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ ധന്യരാജേന്ദ്രൻ എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.