അഞ്ചൽ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഗൃഹനാഥനെയും ഒൻപതും പന്ത്രണ്ടും വയസുള്ള മക്കളെയും മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ഇടമുളയ്ക്കൽ തൊളളൂർ അക്കരവിള പുത്തൻവീട്ടിൽ ഷിബു ലൂക്കോസും മക്കളും അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഷിബു ലൂക്കോസിന്റെ പരാതിയെ തുടർന്ന് അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടികളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ എറിഞ്ഞ് തക‌ർത്തതായും പരാതിയിൽ പറയുന്നു. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട്ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ എത്തി കുട്ടികളുടെ മൊഴിയെടുത്തു.