കൊല്ലം: പുത്തൂർ പാങ്ങോട് എസ്.എൻ.ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആയുർമിത്ര ഇക്കോ വെൽനസ് റിസോർട്ടുകൾ വീണ്ടും സജീവം. കൊവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം നിറുത്തിവച്ചിരുന്നതാണ് പുനരാരംഭിച്ചത്. ആരോഗ്യ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഇക്കോ വെൽനസ് റിസോർട്ടുകൾ. 2019 ഒക്ടോബറിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് പദ്ധതി നാടിന് സമർപ്പിച്ചത്. വിദേശികളെയടക്കം ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയതെങ്കിലും കൊവിഡ് വില്ലനായി.
പഴയ തറവാട് വീടുകൾ പോലെ...
ഔഷധ മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരേക്കർ ഭൂമിയിലാണ് റിസോർട്ടുള്ളത്. കരിങ്കലും വെട്ടുകല്ലും ഉപയോഗിച്ച് ഒരുക്കിയെടുത്ത പ്രകൃതിയോടിണങ്ങുന്ന നിർമ്മാണ വൈദഗ്ധ്യമാണ് ഇവിടുത്തെ കോട്ടേജുകൾ. കുമ്മായവും പച്ചമണ്ണിന്റെ തൊളിയും വയ്ക്കോലും ഉമിയും ചേരുന്ന മിശ്രിതം ഉപയോഗിച്ചാണ് ഭിത്തികൾ പ്ളാസ്റ്റർ ചെയ്തത്. തറയിലും പരമാവധി ഇതുതന്നെ ഉപയോഗിച്ചു. പഴമ നിലനിറുത്തുന്ന തടികളും ഓടുകളുമാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചത്. പഴയകാലത്തെ തറവാട് അറയും നിരയുമുള്ള തറവാട് വീടുകളിലേക്ക് ചെല്ലുന്ന അനുഭവമാണ് സന്ദർശകർക്ക്. ആധുനിക ശീതീകരണ സംവിധാനങ്ങൾ മുറികളിൽ വേണ്ടിവരുന്നുമില്ല. പ്രകൃതിയുടെ കുളിർകാറ്റ് മുറികളിലേക്ക് എത്തുംവിധത്തിലാണ് നിർമ്മാണം.
സുഖചികിത്സയ്ക്ക്
ആയുർവേദ ചികിത്സാ രീതികൾ അപ്പാടെ റിസോർട്ട് സംവിധാനത്തിലേക്ക് എത്തിയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ കേന്ദ്രമായി ഇവിടം മാറുകയാണ്. സ്പെഷ്യാലിറ്റി ഡോക്ടർമാരടക്കം എഴുപതോളം ഡോക്ടർമാരുടെ സേവനം സജ്ജമാക്കിയിട്ടുണ്ട്. ഒരു കോട്ടേജിൽ രണ്ട് പേർക്കും എക്സിക്യുട്ടീവ് കോട്ടേജിൽ മൂന്ന് പേർക്കും തങ്ങാം. കുടുംബ സമേതം ആയുർവേദ ചികിത്സയ്ക്കും സുഖ ചികിത്സയ്ക്കും ഇവിടെ തങ്ങുവാൻ എക്സിക്യുട്ടീവ് കോട്ടേജ് മതിയാകും. നീന്തൽ കുളമാണ് മറ്റൊരു സവിശേഷത. ഭക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളുണ്ട്. ചികിത്സയ്ക്കെത്തുന്നവർക്ക് വൈദ്യൻമാർ നിശ്ചയിക്കുന്ന ഭക്ഷണവും മറ്റുള്ളവർക്ക് ആവശ്യപ്പെടുന്ന ഭക്ഷണവും റസ്റ്റോറന്റിൽ തയ്യാറാക്കി നൽകും. വിദേശികളുടെ വരവ് തുടങ്ങിട്ടില്ലാത്തതിനാൽ കാര്യമായ ഇളവ് നൽകിയിട്ടുണ്ട്.