ഓച്ചിറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ പൊലീസ് പിടിയിലായി. കുലശേഖരപുരം മഹാരാഷ്ട്രാ കോളനിയിൽ മണി മന്ദിരത്തിൽചിക്കു (27) ആണ് പിടിയിലായത്. ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് അനസിനാണ് കുത്തേറ്റത്. കഴിഞ്ഞ ജൂലായ് മാസം 14 ന് രാത്രി ചങ്ങൻകുളങ്ങര ജംഗ്ഷന് വടക്ക് മാറി പെട്ടി ഓട്ടോ വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടിയിലാണ് വധശ്രമം. വയറിന് മാരകമായി കുത്തേറ്റതിനെതുടർന്ന് മുഹമ്മദ് അനസ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ട്രോമ കെയർ ഐ.സി.യു വിൽ ചികിത്സയിലായിരുന്നു. പ്രതികളടങ്ങിയ സംഘം പ്രകോപനമില്ലാതെ അനസിനെ ആക്രമിക്കുകയായിരുന്നു. സംഘത്തിലെ മൂന്ന് പേർ ജൂലായ് മാസം തന്നെ പൊലീസ് പിടിയിലായിരുന്നു. ഓച്ചിറ ഇൻസ്പെക്ടർ പി.വിനോദ് , എസ്.ഐ നിയാസ്, എ.എസ്.ഐ സജികുമാർ, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.