കൊല്ലം: : തെന്മലയിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ആളെ വിലങ്ങു വെച്ച് കൈവരിയിൽ കെട്ടി നിറുത്തുകയും മർദ്ദിക്കുകയും കേസിൽകുടുക്കുകയും ചെയ്ത സംഭവത്തിൽ തെന്മല സ്‌റ്റേഷൻഹൗസ് ഓഫീസർ വിശ്വംഭരനെ സസ്‌പെൻഡ് ചെയ്തു.
ഉറുകുന്ന് ഇന്ദിരാനഗറിൽ രജനീവിലാസത്തിൽ രാജീവിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു അസഭ്യം വിളിച്ചെന്ന പരാതിയുമായി സ്‌റ്റേഷനിലെത്തിയപ്പോഴാണ് പരാതിക്കാരനായ രാജീവിന് ദുരനുഭവം ഉണ്ടായത്. പരാതി നൽകാനെത്തിയപ്പോൾ സി.ഐ വിശ്വംഭരൻ യൂണിഫോം ഇല്ലാതെ പുറത്തുവരികയും രാജീവിനോട് കാര്യം തിരക്കുകയും തുടർന്ന് എഴുതി തയ്യാറാക്കിയ പരാതി രാജീവ് സി.ഐക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പരാതി സ്വീകരിച്ചതിന്റെ രസീത് ആവശ്യപ്പെട്ടതോടെ സി.ഐ ഉൾപ്പടെയുള്ളവർ ആക്ഷേപിച്ചെന്നും സി.ഐ മുഖത്തടിച്ചെന്നും മർദ്ദിച്ചെന്നുമാണ് പരാതി. അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് പിന്നീട് രാജീവിനെ വിട്ടയച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ രാജീവ് രഹസ്യമായി കാമറയിൽ പകർത്തിയിരുന്നു. ഇത് ചിത്രീകരിക്കുന്നത് കണ്ടതോടെ പൊലീസുകാർ കൂടുതൽ പ്രകോപിതരായതായും രാജീവ് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ തെന്മല സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോർട്ട് നാല് മാസംമുൻപ് ഡി.ആർ.ബി ഡിവൈ.എസ്.പി സമർപ്പിച്ചിരുന്നെങ്കിലും സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അയച്ചിരുന്നില്ല. സംഭവം വിവാദമായതോടെ കോടതി ഇടപെടൽ ഭയന്ന് അടുത്തിടെയാണ് ഈ ഫയൽ അയച്ചത്. വിഷയത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സി.ഐ വിശ്വംഭരനെ സസ്‌പെൻഡ് ചെയ്തത്.
കേസ് മാസം 22 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തെന്മല സിഐക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.