mdma

കൊല്ലം: മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഹാഷിഷുമായി 4 യുവാക്കൾ പിടിയിലായ സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്ക്. കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘത്തിൽ നിന്നാണ് മയക്കുമരുന്നുകൾ ലഭിച്ചതെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീമിനെ ഉപയോഗിച്ച് തുടർ അന്വേഷണം നടത്തുകയാണ് പൊലീസ്. ബംഗളൂരുവാണ് ഇതിന്റെ പ്രധാന ഉറവിടമെന്നും വ്യക്തമായിട്ടുണ്ട്. കിളികൊല്ലൂർ പ്രിയദർശിനി നഗർ പണയിൽ വീട്ടിൽ അഭിലാഷ് (27), ഞാറമൂട് കർമ്മലി സദനത്തിൽ ഡോൺ (21) എന്നിരെയാണ് 1.850 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി ആലുംകടവിലെ സ്വകാര്യ റിസോർട്ടിലേക്കുള്ള റോഡിൽ നിന്ന് പൊലീസ് പിടികൂടിയത്. കാട്ടിൽകടവ് ബോട്ട് ജട്ടിക്ക് സമീപത്തു നിന്ന് പിടിയിലായ തൊടിയൂർ നോർത്ത് മുറിയിൽ കുറ്റിയിൽ വീട്ടിൽ സുഫിയാൻ (21), ക്ലാപ്പന വില്ലേജിൽ വരവിള മുറിയിൽ തലവടികുളങ്ങര പടിഞ്ഞാറ്റതിൽ തൻവീർ (21) എന്നിവരിൽ നിന്ന് 1.100 ഗ്രാം എം.ഡി.എം.എയും 105.146 ഗ്രാം ഹാഷിഷും കണ്ടെടുത്തിട്ടുണ്ട്.

 ഒരു തരി മതി,​ സിരകൾ ത്രസിക്കും

തരി രൂപത്തിലും പൊടി രൂപത്തിലുമാണ് പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ മയക്കുമരുന്ന്. ലഹരി പാർട്ടികളിൽ ഉപയോഗിക്കുന്നതിനാലാണ് പാർട്ടി ഡ്രഗ് എന്ന പേര് ലഭിച്ചത്. എക്സ്റ്റസി, മോളി, മാൻഡി എന്നിവയാണ് മറ്റ് വിളിപ്പേരുകൾ.ഇതിന്റെ ഒരു തരി മതി സിരകളെ ത്രസിപ്പിക്കാൻ. ഉപയോഗിച്ച് നിമിഷങ്ങൾ കഴിയുമ്പോഴേക്കും തലച്ചോറിനെ ഇളക്കി മറിയ്ക്കുന്ന അവസ്ഥയിലേക്ക് എത്തും. മണിക്കൂറുകളോളം ഇത് നിലനിൽക്കും. ഏത് തരം ക്രൂരതയും ചെയ്യാവുന്ന മാനസിക അവസ്ഥയിലേക്ക് നയിക്കുന്ന ലഹരിയാണിതെന്നാണ് പറയപ്പെടുന്നത്. മാരകമായ ദൂഷ്യഫലങ്ങളും ഉണ്ടാകും. അധികമായി ഉപയോഗിച്ചാൽ രക്തസമ്മർദ്ദമുയർന്ന് മരണം വരെ സംഭവിക്കാം. കഞ്ചാവ് ഉപയോഗിച്ചിരുന്ന യുവാക്കളാണ് ഇപ്പോൾ മയക്കുമരുന്നിലേക്ക് എത്തിയിരിക്കുന്നത്. ഒരു ഗ്രാം എം.ഡി.എം.എയ്ക്ക് 20,000 രൂപവരെയാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലുള്ള വിലയുടെ ഇരട്ടിയാണിത്.