കൊല്ലം: ഉഴുതുമറിച്ച കണ്ടംപോലെയാണ് പെരുംകുളത്തെ റോഡ്. വാഹനങ്ങൾക്കും കാൽനടക്കാർക്കും കടന്നുപോകാനാകില്ല. ചെളിനിറഞ്ഞ റോഡിൽ വെള്ളവും കെട്ടിനിൽക്കാൻ തുടങ്ങിയതോടെ നാട്ടുകാർ തീർത്തും ദുരിതത്തിലായി. ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നിവീഴുന്ന കാഴ്ച്ച പതിവാണ്. രണ്ട് മാസത്തിനകം മുപ്പതിൽ അധികം ഇരുചക്ര വാഹനങ്ങളാണ് തെന്നിമറിഞ്ഞത്. വീഴ്ചയിലെ പരിക്കിനേക്കാൾ കഷ്ടമാണ് ചെളിവെള്ളത്തിലെ വീഴ്ചയെന്ന് ചെറുപ്പക്കാരടക്കം പറയുന്നു.
കൊട്ടാരക്കര പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിലാണ് ഈ ദുരിതാവസ്ഥ.
റോഡ് നിർമ്മാണം കിഫ്ബിക്ക്
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിൽ കോട്ടാത്തല മൂഴിക്കോട്-ഇഞ്ചക്കാട് റോഡെന്ന പേരിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്. നാട്ടുകാർക്ക് കൊട്ടാരക്കര- പൂവറ്റൂർ റോഡിലെത്താനും കൊട്ടാരക്കര- പുത്തൂർ റോഡിലെത്താനും ഈ റോഡ് മാത്രമാണ് ആശ്രയം. ഈ വഴി ഒഴിവാക്കിയുള്ള യാത്രയ്ക്ക് കുറഞ്ഞത് മൂന്ന് കിലോമീറ്ററെങ്കിലും അധികയാത്ര ചെയ്യേണ്ടി വരും. വീടുകളിലെത്താൻ മറ്റ് വഴികളില്ലാത്തവരും ഈ ചെളിക്കുണ്ടിലൂടെ സാഹസിക യാത്രയ്ക്ക് നിർബന്ധിതരാവുകയാണ്.
ദുരിതങ്ങളുടെ രണ്ടുമാസം
റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ട് നാളേറെയായി. റേഷൻകടമുക്ക് ഭാഗത്തും മൂഴിക്കോടിനടുത്തുമൊക്കെയായി സംരക്ഷണ ഭിത്തികളുടെ നിർമ്മാണവും മറ്റും നേരത്തെ തുടങ്ങി. താഴ്ചയുള്ള ഭാഗങ്ങളുടെ വശങ്ങൾ കെട്ടിയിട്ട് മണ്ണിട്ട് ഉയർത്തി. രണ്ട് മാസമായിട്ടാണ് റോഡിന്റെ മദ്ധ്യഭാഗങ്ങളിലേക്ക് നിരപ്പാക്കലും മണ്ണിടലുമൊക്കെ തുടങ്ങിയത്. അതോടെ ദുരിതങ്ങൾ തുടങ്ങി. മഴ പെയ്തതോടെ ഇവിടമെല്ലാം ചെളിക്കുണ്ടായി മാറി. പകരം സംവിധാനമൊരുക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. നിത്യവും അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാലുപേർ നല്ല പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. വാഹനങ്ങൾക്ക് കടന്നുപോകാനായി റോഡിന്റെ ഒരു വശമെങ്കിലും വൃത്തിയാക്കിയില്ലെങ്കിൽ അപകടങ്ങൾ ഇനിയും ഏറും. ഇവിടുത്തെ നിർമ്മാണങ്ങൾ പാതിവഴിയിലാക്കിയിട്ട് കരാറുകാർ മറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതായി ആക്ഷേപമുണ്ട്.