ഓച്ചിറ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മം പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ഗീത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ജി. രാധാകൃഷ്ണൻ പദ്ധതി വിശദീകരണവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ് മുഖ്യ പ്രഭാഷണവും നടത്തി. സർക്കാരിന്റെ പന്ത്രണ്ടിന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ വലിയകുളങ്ങരയിൽ ദേശീയപാതയോരത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയ്ക്ക് കൈമാറും.