കടയ്ക്കോട് : കരീപ്രയിലെ പാടശേഖരങ്ങളിലെ ഊര ശല്യം നിയന്ത്രിക്കാൻ കൃഷി വകുപ്പ് ഒരുക്കം തുടങ്ങി.
കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. തളവൂർക്കോണം പാടശേഖര സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ള ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഊര കൂടുതലുള്ള കൃഷിയിടങ്ങൾ കണ്ടെത്തുന്നതാണ് പ്രാഥമിക നടപടി. ഇതിനായ് ജില്ലയിലെ കൃഷി ഭവനുകളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് വേണ്ടി വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജയാ പീറ്ററാണ് വിവര ശേഖരണത്തിന് നിർദ്ദേശം നൽകിയത്.
പതിവ് വിത്തിനങ്ങൾ മാറ്റും
ഊര ശല്യം കൂടുതലുള്ളിടത്ത് പതിവ് വിത്തിനങ്ങൾ മാറ്റി കൃഷിയിറക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്. ഇതിന് മനുവർണ്ണ, മനു രത്ന തുടങ്ങിയ ഇനങ്ങൾ ഉപയോഗിക്കും.
സംയോജിത വരി നിയന്ത്രണ പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിച്ച് നിലം ഉഴുത് സസ്യ നാശിനി പ്രയോഗവും കരീപ്രയിലെ പാടശേഖരങ്ങളിൽ വേണ്ടി വരും.
കാർഷിക സർവകലാശാല, ആത്മ തുടങ്ങി വിവിധ ഏജൻസികളെ സംയോജിപ്പിച്ചാണ് ഊര നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കുന്നത്.