encroachment

 നഗരത്തിലെ അനധികൃത ഇറക്കുകൾ നീക്കം ചെയ്യും

കൊല്ലം: നഗരത്തിൽ കാൽനടയാത്രയും ഗതാഗതവും തടസപ്പെടുത്തുന്ന അനധികൃത ഇറക്കുകൾ ദിവസങ്ങൾക്കുളളിൽ നീക്കം ചെയ്യും. വഴിയോരങ്ങളിൽ അനുവാദമില്ലാതെ സ്ഥാപിച്ച ബങ്കുകളും നീക്കും. ഇന്നലെ ചേർന്ന നഗരസഭ യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നതോടെ മേയർ പ്രസന്ന ഏണസ്റ്റ് ഇവ നീക്കംചെയ്തു റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സ്ട്രീറ്റ് വെണ്ടേഴ്സ് ആക്ടിന്റെ സംരക്ഷണം ലഭിക്കാത്ത, സമീപഭാവിയിൽ എത്തിയ തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കും. ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വർഷങ്ങളായുള്ള വഴിയോര കച്ചവടക്കാരെ സ്ട്രീറ്റ് വേണ്ടേഴ്സ് സോണിൽ പുനരധിവസിപ്പിക്കും. ഇത് നടപ്പാക്കാനായി സ്ട്രീറ്റ് വെണ്ടേഴ്സ് കമ്മിറ്റി ഉടൻ രൂപീകരിക്കും. സ്ട്രീറ്റ് വേണ്ടേഴ്സ് സോൺ നിലവിൽ വന്നാൽ നഗരവഴികളിൽ അനധികൃത കച്ചവടക്കാരെ അനുവദിക്കില്ല.

ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷാണ് അനധികൃത ഇറക്കുകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ കൗൺസിൽ യോഗത്തിൽ ആദ്യം രംഗത്തെത്തിയത്. തേവള്ളി കൗൺസിലർ ഷൈലജി, ഭരണപക്ഷ കൗൺസിലർമാരായ പ്രിയദർശൻ, സുജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ഉദയകുമാർ, സവിതാദേവി തുടങ്ങിയവരും ഇതേ നിലപാടിലായിരുന്നു. അനധികൃത നിർമ്മാണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നായിരുന്നു പ്രിയദർശന്റെ വിമർശനം. തന്റെ നിർദ്ദേശം പ്രകാരം അടുത്തിടെ സ്റ്റോപ്പ് മെമ്മോ നൽകിയ ഒരു അനധികൃത നി‌ർമ്മാണം ഇപ്പോഴും നിർബാധം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു വെളിപ്പെടുത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ്ജ് ഡി. കാട്ടിൽ, ടോമി, സജീവ് സോമൻ, നൗഷാദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

 ബഹളവും തർക്കവും

ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷ്, കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് എന്നിവരും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ കൗൺസിൽ യോഗത്തിൽ പലതവണ വാക്കുതർക്കമുണ്ടായി. നഗരത്തിൽ കഴിഞ്ഞ 9 മാസമായി വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ലെന്ന ഗിരീഷിന്റെ ആരോപണത്തിനെതിരെ ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തി. നഗരസഭ ഓഫീസ് വളപ്പിലെ പാഴ് വസ്തുക്കൾ വിൽക്കുന്ന കൂട്ടത്തിൽ വർഷങ്ങളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റോഡ് റോളർ കൂടി വിൽക്കുമോയെന്ന കുരുവിളയുടെ ചോദ്യമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.