t
ഡെന്നിസിന്റെയും നിർമ്മലയുടെയും മൃതദേഹങ്ങൾ ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരഞ്ഞു തളർന്ന് അരികിൽ ഇരിക്കുന്ന മകൾ ഡെനിലയും മകൻ ഡയാനും

കൊല്ലം: വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ നിശ്ചലരായി കിടക്കുന്ന അച്ഛനും അമ്മയും ഇനിയൊരിക്കലും ഉണരില്ലെന്നറിഞ്ഞിട്ടും അപ്പാ, അമ്മേ... എന്നുറക്കെ വിളിച്ചു പൊട്ടിക്കരയുന്ന കുരുന്നുകൾ നൊമ്പരക്കാഴ്ചയായി.

തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ചു മരിച്ച കൊട്ടിയം വടക്കേ മൈലക്കാട് വിളയിൽ ഡെന്നിസിന്റെയും (45), ഭാര്യ നിർമ്മലയുടെയും (34) ഭൗതികശരീരം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പന്ത്രണ്ടുകാരിയായ മകൾ ഡെനിലയുടെയും നാലു വയസുള്ള മകൻ ഡയാന്റെയും കരച്ചിൽ കൂടിനിന്നവരുടെയും കണ്ണുകൾ നനയിച്ചു. അച്ഛനമ്മമാരുടെ ദേഹത്തേക്കു വീണ് കെട്ടിപ്പിടിച്ചു കരഞ്ഞ മകളുടെ ദുഃഖമാണ് താങ്ങാവുന്നതിനും അപ്പുറമായത്. പാഞ്ഞുവന്ന ബൈക്ക് അച്ഛനെയും അമ്മയെയും ഇടിച്ചു തെറിപ്പിക്കുന്നതിന് സാക്ഷിയാകേണ്ടിവന്ന കുഞ്ഞുങ്ങളുടെ ഉള്ളിൽ കഴിഞ്ഞ രണ്ടു ദിവസമായി വേദനയുടെ കനലെരിയുകയായിരുന്നു. ഡെന്നിസിന്റെ മാതാവ് ഡെൽഫിന, സഹോദരങ്ങളായ ഡെറി, മെർലി, നിർമ്മലയുടെ മാതാപിതാക്കളായ ലൈല, യേശുദാസ്, സഹോദരൻ ഷിനു എന്നിവരും വാവിട്ടു കരഞ്ഞു.

കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ആദ്യം ഡെന്നിസിന്റെ മയ്യനാട്ടുളള കുടുംബവീട്ടിൽ എത്തിച്ചു. അരമണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കേ മൈലക്കാട് വിളയിൽ വീട്ടിലേക്ക് കൊണ്ടുവന്നത്. അഞ്ചിന് വടക്കേ മൈലക്കാട് സെന്റ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.

13 വർഷമായി അബുദാബിയിൽ ഡ്രൈവറായിരുന്ന ഡെന്നിസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. കാലിലെ വേദനയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച കാറിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കാർ നിറുത്തി എതിർ വശത്തെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നു വാങ്ങാൻ റോഡരികിൽ ഇരുവരും കൈപിടിച്ച് നിൽക്കുമ്പോഴാണ് പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മക്കളും നിർമ്മലയുടെ പിതാവ് യേശുദാസും മാതൃസഹോദരൻ സിനോജും ആ സമയം വാഹനത്തിലുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ ഡെന്നിസും വ്യാഴാഴ്ച പുലർച്ചെ നിർമ്മലയും മരിച്ചു.