കൊല്ലം: കൊവിഡ് പതിയെ കളമൊഴിയുമ്പോഴും പ്രതിന്ധിയിൽ നട്ടംതിരിയുന്ന സമൂഹത്തിന് ആശ്വാസം പകരുന്ന വൈവിദ്ധ്യ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. നഴ്‌സിംഗ്, സഹകരണ സംഘങ്ങൾക്ക് സംരംഭം, വനിതകൾക്ക് ഉത്പാദന, സേവന സംരംഭം, വീടുകൾ കേന്ദ്രീകരിച്ച് സൂക്ഷ്മ, അതിസൂക്ഷ്മ സംരംഭങ്ങവ എന്നിവയാണ് പുതിയ പദ്ധതികളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വി സുമലാൽ, സെക്രട്ടറി കെ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സേവന സംരംഭത്തിന് സബ്‌സിഡി
സഹകരണ സംഘങ്ങൾക്ക് ഉത്പാദന സേവന സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകുന്നതാണ് പദ്ധതി. തുകയുടെ 80 ശതമാനം (പരമാവധി 10 ലക്ഷം രൂപ) ആണ് സബ്സിഡി. സംരംഭത്തിനുള്ള കെട്ടിടം സംഘത്തിന്റേതാണെങ്കിൽ അറ്റകുറ്റപ്പണികൾ, വൈദ്യുതീകരണം എന്നിവയും പ്രോജക്ടിൽ പരിഗണിക്കും.
സ്വയംപ്രഭ
വനിതകൾക്ക് ഉത്പാദന, സേവന സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. മൂന്ന് അംഗങ്ങൾ മുതലുള്ള വനിതകളുടെ ഗ്രൂപ്പുകൾക്ക് പ്രോജക്ടിന് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിലുള്ള ഗ്രൂപ്പിന് പദ്ധതി തുകയുടെ 75 ശതമാനവും (പരമാവധി 2 ലക്ഷം രൂപ) എ.പി.എൽ, ബി.പി.എൽ വിഭാഗം അംഗങ്ങളുള്ള ഗ്രൂപ്പിന് പദ്ധതി തുകയുടെ 50 ശതമാനവും (പരമാവധി 1.5 ലക്ഷം രൂപ) ആണ് സബ്സിഡി.
കാമധേനു സാന്ത്വന സ്പർശം
കൊവിഡ് മൂലം ഭർത്താവോ ഭാര്യയോ മരിച്ചാൽ ആശ്രിതർ 70 വയസിന് താഴെയാണെങ്കിൽ അവർക്ക് വരുമാനം ഉറപ്പാക്കാൻ പൂർണ ഗർഭിണിയായ പശുവിനെയോ, പ്രസവിച്ച പശുവിനെയും കുട്ടിയെയും കൂടിയോ പൂർണ സബ്സിഡിയോടെ നൽകും. രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരു മാനമുള്ളവർക്കാണ് സഹായം.
ഗൃഹശ്രീ
വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ള വനിതകൾക്കും സ്വയംതൊഴിൽ കണ്ടെത്താൻ താത്പര്യമുള്ളവർക്കുമായി 25 ലക്ഷം രൂപയുടെ പദ്ധതി. ബി.പി.എൽ വിഭാഗക്കാർക്ക് പദ്ധതി തുകയുടെ 75 ശതമാനവും (പരമാവധി 75,000 രൂപ) എ.പി.എൽ വിഭാഗക്കാർക്ക് 50 ശതമാനവും (പരമാവധി 50,000 രൂപ) നിരക്കിൽ സബ്സിഡി നൽകും
മാലാഖക്കൂട്ടം
പട്ടികജാതി വിഭാഗത്തിൽ ജനറൽ, ബിഎസ്‌സി നഴ്സിംഗ് പാസായ വനിതകൾക്ക് സർക്കാർ ആശുപത്രികളിൽ അപ്രന്റീസ്ഷിപ്പ് ഉറപ്പാക്കുന്ന 60 ലക്ഷം രൂപയുടെ പദ്ധതി. രണ്ട് വർഷമാണ് കാലാവധി. ജനറൽ നഴ്സിംഗ് കഴിഞ്ഞവർക്ക് 10,000 രൂപയും ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് 12,500 രൂപയും പ്രതിമാസം ഓണറേറിയം നൽകും
അപ്രന്റീസ്ഷിപ്പ്
പട്ടികജാതി വിഭാഗത്തിൽ ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിംഗ് പാസായവർക്ക് എൻജിനീയറിംഗ് വിഭാഗമുള്ള സർക്കാർ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് നൽകുന്ന 25 ലക്ഷം രൂപയുടെ പദ്ധതി. രണ്ട് വർഷമാണ് കാലാവധി. ഐ.ടി.ഐ പാസായവർക്ക് പ്രതിമാസം 5700 രൂപയും പോളിടെക്നിക്കുകാർക്ക് 10,000 രൂപയും എൻജിനീയറിംഗ് പാസായവർക്ക് 15,000 രൂപയും ഓണറേറിയം നൽകും