പത്തനാപുരം : ഇരുകാലുകളും അപകടത്തിൽ നഷ്ടപ്പെട്ട യുവാവിന് ഗാന്ധിഭവൻ അഭയം നൽകി. കരുനാഗപ്പള്ളി വിനീതഭവനത്തിൽ പരേതനായ ദിവകാരന്റെയും ജാനകിയുടെയും മകൻ അജിൽകുമാറി (47) നാണ് ഗാന്ധിഭവൻ അഭയമായത്. ജോലി കഴിഞ്ഞ് മടങ്ങവേ കരുനാഗപ്പള്ളി മാളിയേക്കൽ മുക്ക് വടക്ക് റെയിൽപ്പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൽ തട്ടിയാണ് അജിൽകുമാറിന് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അജിലിന്റെ ഇരുകാലുകളും മുറിച്ച് മാറ്റി. സഹോദരനും കുടുംബത്തിനൊപ്പവുമായിരുന്നു ഭാര്യയുമായി പിരിഞ്ഞ് നിൽക്കുന്ന അജിലിന്റെ താമസം. അപകടത്തെത്തുടർന്ന് ഒരു മാസക്കാലം ആശുപത്രി കിടക്കയിയിലായിരുന്ന അജിലിന്റെ ചികിത്സാ ചെലവുകൾ ദിവസവേതനക്കാരനായ സഹോദരന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. സഹോദരന്റെ അവസ്ഥ മനസിലാക്കിയ സാമൂഹ്യപ്രവർത്തകനായ കെ.കെ. രവി, സി.ആർ. മഹേഷ് എം.എൽ.എയുമായി ബന്ധപ്പെടുകയും എം.എൽ.എയുടെ ശുപാർശയിൽ ഗാന്ധിഭവനിലെത്തിക്കുകയുമായിരുന്നു.