കൊല്ലം: കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ പ്രിസൈസ് ഐ വൺ ആശുപത്രിയിൽ നിന്ന് ഓഫീസ് ഉപകരണങ്ങൾ കവ‌ർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു. സാക്ഷി മൊഴിയുണ്ടായിട്ടും പ്രതികൾക്കെതിരെ നടപടിയില്ലെന്നാണ് പരാതി.

കഴിഞ്ഞമാസം 16ന് ആശുപത്രിയിലെ രണ്ട് ജീവനക്കാർ രാത്രി ഏഴ് മണിയോടെയെത്തി ഡയറക്ടർമാരിൽ ഒരാളും ചലച്ചിത്ര നി‌ർമ്മാതാവുമായ ബി.എൻ. രാധാകൃഷ്ണന്റെ മുറിയിലെ ഓഫീസ് ടേബിളുകളും കസേരകളും അടിച്ചുതകർത്തു. അതിന് ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന പുതിയ സിനിമയുടെ സ്ക്രിപ്റ്റും വസ്തു ഇടപാടുമായി ബന്ധപ്പട്ട രേഖകളും ഓഫീസ് ഫയലുകളും കവർന്നു. ഓഫീസ് മുറിയിലെ സി.സി ടി.വി കാമറയുടെ സെർവറും ഇളക്കിക്കൊണ്ടുപോയി. പിറ്റേദിവസം രാവിലെ 11 മണിയോടെ രാധാകൃഷ്ണൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. രാധാകൃഷ്ണന്റെ പരാതിയിൽ ആശുപത്രിയിലെ ജീവനക്കാരായ തൊടിയൂർ വിജയഭവനിൽ വിജേഷ്(32), പത്തനാപുരം സ്വദേശി ജോസ് പി. തോമസ് എന്നിവർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാനായി രാധാകൃഷ്ണൻ തയ്യാറാക്കി വച്ചിരുന്ന സ്ക്രിപ്റ്റാണ് നഷ്ടമായത്. വിജേഷുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നുവെന്നും അതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും രാധാകൃഷ്ണൻ പറഞ്ഞു. സംഭവം രാത്രി ഏഴ് മണിയോടെ വിജേഷും സുഹൃത്തായ ജോസ് പി. തോമസും എത്തി താക്കോൽ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയതായി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. വിജേഷ് ആശുപത്രിയുടെ പുള്ളിമാൻ ജംഗ്ഷനിലെയും ജോസ് പി. തോമസ് പത്തനാപുരം ബ്രാഞ്ചിലെയും ജീവനക്കാരാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് കരുനാഗപ്പള്ളി എസ്.എച്ച്.ഒ പറഞ്ഞു.