29.5 കോടിയിൽ നിർമ്മാണം
തഴവ: ചിറ്റുമൂല റേയിൽവേ മേൽപ്പാല നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനമായി. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുടെ ആശങ്കയും വില സംബന്ധിച്ചുള്ള കാര്യങ്ങളും പരിഹരിക്കാൻ സി.ആർ മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2017 ലെ ബഡ്ജറ്റിൽ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മേൽപ്പാലത്തിനായി 29.5 കോടി രൂപ അനുവദിച്ചത്.
വസ്തുഉടമകൾക്ക് നഷ്ടപരിഹാരം
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്ന വസ്തുവിന് ആക്ട് പ്രകാരമുള്ള തുക നൽകാൻ തീരുമാനിച്ചു. ഒരു സെന്റിന് 7.20 ലക്ഷം രൂപയോളം നഷ്ടപരിഹാര തുക ലഭിക്കും. ബന്ധപ്പെട്ട സ്ഥലത്തെ കെട്ടിടങ്ങളുടെ വില നിർണയിക്കാൻ പി.ഡബ്ല്യു.ഡി ബിൽഡിംഗ് സെക്ഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. മരങ്ങളുടെ വില നിർണയിക്കാൻ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം വില നിർണയിച്ച് സമർപ്പിക്കും . ഇതിനുശേഷം ഡി.വി.എസ് (വസ്തുവിനെയും കെട്ടിടങ്ങളുടെയും ഫൈനൽ വില) നിർണയിക്കും. ആറുപത് ദിവസത്തെ നോട്ടീസ് കാലാവധിക്കുശേഷം അവാർഡ് പാസാക്കുകയും തുടർന്ന് സ്ഥലം ഉടമകൾക്ക് തഹസിൽദാറിനെ സമീപിച്ച് മതിയായ രേഖകൾ കൈമാറി നഷ്ടപരിഹാരത്തുക കൈപ്പറ്റാം.
യോഗത്തിൽ കൊല്ലം ഡി.ഡി.സി കെ.ആസിഫ്, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനീയർ, കിഫ്‌ബി തഹസിൽദാർ, തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സദാശിവൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, സ്ഥലമുടമ പ്രതിനിധി എം.എ.ആസാദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബദറുദ്ദീൻ പാപ്പാൻകുളങ്ങര, നിസ തൈക്കൂട്ടത്തിൽ,ഷാനിമോൾ പുത്തൻവീട്ടിൽ ,സ്ഥലം ഉടമകൾ,എന്നിവർ പങ്കെടുത്തു.