ശാസ്താംകോട്ട: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാലിന് പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാ ഭവനിൽ അജികുമാർ മരിച്ചത് ചികിത്സാപ്പിഴവ് മൂലമല്ലെന്ന് ആശുപത്രി അധികൃതർ. ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകുകയും നവമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തതോടെയാണ് ആശുപത്രി അധികൃതർ രംഗത്തുവന്നത്.

സെപ്തംബർ 2ന് ആദ്യമായി ആശുപത്രിയിലെത്തിയ അജികുമാറിനെ പരിശോധിച്ച ഡോക്ടർ ആൻജിയോഗ്രാം നടത്താൻ നിർദ്ദേശിച്ചെങ്കിലും പിന്നീട് നടത്താമെന്ന് പറഞ്ഞ് പോവുകയായിരുന്നു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് 24 ന് വീണ്ടും എത്തിയ അജികുമാറിന് 25ന് ആൻജിയോഗ്രാം നടത്തി. ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകളിൽ സാരമായ ബ്ലോക്ക് കണ്ടെത്തുകയും വിവരം രോഗിയെയും ബന്ധുക്കളെയും ധരിപ്പിക്കുകയും ചെയ്തു. ആൻജിയോപ്ലാസ്റ്റിയും വേണ്ടിവന്നാൽ അനുബന്ധ ശസ്ത്രക്രിയകളും നടത്താനുള്ള സമ്മതപത്രം വാങ്ങിയ ശേഷമാണ് 27ന് ഇവ ചെയ്തത്. രോഗിയുടെ വിവരങ്ങൾ യഥാസമയം ബന്ധുക്കളെ ധരിപ്പിച്ചിട്ടുണ്ട്. അജികുമാറിന്റെ ചികിത്സയിൽ ആശുപത്രി അധികൃതർക്കോ ഡോക്ടർക്കോ പിഴവ് വന്നിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.