cpm-cpi

പുനലൂർ: ഇടമണിൽ സി.പി.ഐ, സി.പി.എം സംഘട്ടനത്തെ തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകരായ 7പേർക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് ഇടമൺ വില്ലേജ് കമ്മിറ്റി സെക്രട്ടറിയും സി.പി.ഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവുമായ സുജിത്ത് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് സി.ഐ. വിനോദ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 10മണിയോടെ ഇടമൺ പുലരി ജംഗ്ഷനിലായായിരുന്നു സംഭവം. സി.പി.എം പുലരി ബ്രാഞ്ച് സമ്മേളനത്തിന്റെ മുന്നോടിയായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ സി.പി.എം പ്രവർത്തകനായ കബീറിന്റെ നേതൃത്വത്തിലുള്ള സംഘം പുലരി വഴി ബൈക്കിൽ കടന്ന് പോയ സുജിത്തിനെ മർദ്ദിക്കുകയായിരുന്നുവെന്ന് സി.ഐ പറഞ്ഞു.

ആക്രമണ സംഭവം അറിഞ്ഞെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർ കബീറിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വീടിന്റെ ജനലുകൾക്ക് നാശം വരുത്തിയ ശേഷം കബീറിന്റെ ഭാര്യയെ വീടിനുള്ളിൽ കയറി മർദ്ദിക്കാൻ ശ്രമിച്ചെന്നും സി.ഐ അറിയിച്ചു. ഭാര്യയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. തുടർന്ന് മറ്റൊരു സംഘം എ.ഐ.വൈ.എഫ് പ്രവർത്തകരെത്തി സി.പി.എമ്മിന്റെ കൊടി മരവും നശിപ്പിച്ചതായി പരാതിയുണ്ട്.

എന്നാൽ ബൈക്കിലെത്തിയ സുജിത്തിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കാതെ എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു. ഇടമണിൽ കഴിഞ്ഞ മാസം സി.പി.ഐ പ്രവർത്തകർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതാണ് സംഘട്ടനങ്ങൾക്ക് കാരണമെന്ന് പറയുന്നു.