t

 പുതിയ ആപ്പ് രംഗത്തിറക്കി ജില്ലാ ഭരണകൂടം

കൊല്ലം: ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങൾ അറിയാനും 'എന്റെ ജില്ല' എന്ന പേരിൽ മൊബൈൽ ആപ്പ്. ജില്ലാ ഭരണകൂടം, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ എന്നിവ സംയുക്തമായി തയ്യാറാക്കിയ ആപ്പിൽ റവന്യു, പൊലീസ്, ആർ.ടി.ഒ, എക്‌സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാണ്.
അക്ഷയ, ട്രഷറി, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ തുടങ്ങിയ അവശ്യസേവനങ്ങളും വിരൽത്തുമ്പിൽ അറിയാം. കേന്ദ്രസർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനും ഫോൺ നമ്പറുകൾ ഇ-മെയിൽ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്. ഓഫീസിൽ നിന്നു ലഭ്യമായ സേവനം പൊതുജനങ്ങൾക്ക് റേറ്റിംഗിലൂടെ വിലയിരുത്താനുമാകും. അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവുമുണ്ട്. ഇതുവഴി പരാതികളും അറിയിക്കാം. ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകൾ കളക്ടർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും.

 സംവിധാനങ്ങൾ സുതാര്യമാകും

സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കാൻ എന്റെ ജില്ല ആപ്പ് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫ് പറഞ്ഞു. സംസ്ഥാനത്തെ ഏത് ജില്ലയിലെയും വിവരങ്ങൾ ഓപ്ഷൻ കൊടുക്കുന്നതനുസരിച്ച് ആപ്പിൽ ലഭ്യമാണ്. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരശേഖരണം അവസാന ഘട്ടത്തിലാണെന്ന് സാങ്കേതിക സംവിധാനത്തിന്റെ ചുമതലയുള്ള ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ എൻ. പത്മകുമാർ അറിയിച്ചു.