കൊല്ലം: അഷ്ടമുടിക്കായലിന്റെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ നേതൃത്വത്തിൽ വെറ്റലാൻഡ് മിത്ര എന്ന പേരിൽ സന്നദ്ധസംഘം രൂപീകരിച്ചു. തണ്ണീർത്തട അതോറിറ്റി അധികൃതർ, കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് വെറ്റ്ലാൻഡ് മിത്ര. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഹ്വാനം ചെയ്ത ഐക്കോണിക് വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
കേരള തണ്ണീർത്തട അതോറിറ്റിയുടെ മാർഗനിർദ്ദേശപ്രകാരം, കൊല്ലം ശ്രീനാരായണ കോളേജും കൊല്ലം കോർപ്പറേഷനും സംയുക്തമായി റാംസർ സൈറ്റ് 1204 ആയി നാമകരണം ചെയ്തിട്ടുള്ള അഷ്ടമുടിക്കായലിന്റെ സവിശേഷതകളും പ്രാധാന്യവും വ്യക്തമാക്കുന്ന രണ്ട് ബോർഡുകൾ ലിങ്ക് റോഡിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിന് സമീപം സ്ഥാപിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ബോർഡുകൾ അനാച്ഛാദനം ചെയ്തു. ശ്രീനാരായണ കോളേജ് വിദ്യാർത്ഥികളും എൻ.എസ്.എസ്, എൻ.സി.സി അംഗങ്ങളും ഉൾപ്പെട്ട സംഘം വെറ്റ്‌ലാൻഡ് മിത്ര പ്രതിജ്ഞ ചെയ്തു. സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റി പ്രോജക്ട് സയന്റിസ്റ്റ് യു. മഞ്ജുഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ബി.ടി. സുലേഖ, അസി. പ്രൊഫസർ ഡോ. വിദ്യ തുടങ്ങിയവർ സംസാരിച്ചു. കായൽ സംരക്ഷണം ലക്ഷ്യമിട്ടുള്ള ശില്പശാല, വിവിധതരം മത്സരങ്ങൾ എന്നിവയും ഇതിനോടനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.