കൊല്ലം: മലയാളി യുവതിയെ പൂനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വാളകം പൊടിയാട്ടുവിള മധു മന്ദിരത്തിൽ പ്രീതി (ചിഞ്ചു - 29)യാണ് മരിച്ചത്. മകൾ സ്​ത്രീധന പീഡനത്തി​ന്റെ ഇരയാണെന്നും കൊലപാതകമാണെന്ന്​ സംശയിക്കുന്നതായും മാതാപിതാക്കൾ ആരോപിച്ചു. പൂനെയിൽ സകുടുംബം സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി അഖിലാണ് പ്രീതിയുടെ ഭർത്താവ്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത്​ 85 ലക്ഷത്തോളം രൂപയും 120 പവൻ സ്വർണവും സ്​ത്രീധനമായി നൽകിയതായാണ്​ വിവരം. എന്നാൽ, വിവാഹശേഷം നിരന്തരമായി സ്ത്രീധനത്തിന്റെ പേരിൽ പ്രീതി പീഡിപ്പിക്കപ്പെട്ടിരുന്നതായും പലപ്പോഴായി 6 കോടിയോളം രൂപ പ്രീതിയുടെ രക്ഷിതാക്കൾ അഖിലിന് നൽകിയിരുന്നതായും പറയപ്പെടുന്നു. പൂനെയിലുള്ള പ്രീതിയുടെ സഹോദരൻ എത്തുന്നതിന്​ മുമ്പ്​ ഭർതൃവീട്ടുകാർ സംസ്​കാരം നടത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്​. വിവരമറിഞ്ഞ്​ പൂനെയിലെത്തിയ മാതാപിതാക്കൾ നടപടികൾക്ക് ശേഷം പ്രീതിയുടെ മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: മധുസൂദനൻ പിള്ള .മാതാവ്: അംബിക. സഹോദരൻ:മഞ്ജിത്ത്