railway-cross-padam
അടച്ചു പൂട്ടപ്പെട്ട മാളിയേക്കൽ ലെവൽ ക്രോസ്

തൊടിയൂർ: ആറു പതിറ്റാണ്ടിലേറെക്കാലം കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ വാഹനഗതാഗതത്തിനായി അടയ്ക്കുകയും തുറക്കുകയും ചെയ്ത മാളിയേക്കൽ റെയിൽവേ ലെവൽ ക്രോസ് ഇനി തുറക്കില്ല. റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ ആരംഭിച്ചതോടെയാണ് ലെവൽ ക്രോസ് അടച്ചത്. ഗേറ്റിന് കിഴക്ക് ഭാഗത്ത് പൈലിംഗ് നടക്കുന്നതിനാൽ റോഡിന്റെ പകുതിയോളം ഭാഗം ഉൾപ്പെടുത്തി ബാരിക്കേഡ് നിർമ്മിച്ചിരിക്കുകയാണ്. കഷ്ടിച്ച് ഒരു കാർ കടന്നു പോകുന്നതിനുള്ള ഇടം മാത്രമാണുള്ളത്.

അടച്ചു പൂട്ടിയതറിയാതെ യാത്രക്കാർ
റോട്ടറി റിഗ് ഉപയോഗിച്ച് പണി നടത്തുന്നതിനാൽ ഇതുവഴിയുള്ള യാത്ര അപകടമുണ്ടാക്കുമെന്നതിനാലാണ് അധികൃതർ ലെവൽ ക്രോസ് സ്ഥിരമായി അടച്ച് ഗതാഗതം നിയന്ത്രിച്ചത്. മേൽപ്പാലത്തിന്റെ നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങങ്ങൾക്ക് വേണ്ടി മാത്രം ഗേറ്റ് തുറന്നുകൊടുക്കാനാണ് റെയിൽവേ അധികൃതരുടെ നിർദ്ദേശം. മേൽപ്പാലത്തിന്റെ പണി ആരംഭിച്ച ശേഷവും ഇവിടെ അനുഭവപ്പെട്ട വാഹനത്തിരക്കാണ് സ്ഥിരമായ അടച്ചു പൂട്ടലിന് വഴിയൊരുക്കിയത് .

എന്നാൽ ലെവൽ ക്രോസ് അടച്ചു പൂട്ടിയ വിവരം അറിയാതെ ഇപ്പോഴും കരുനാഗപ്പള്ളി ഭാഗത്തു നിന്നും ശാസ്താംകോട്ട ഭാഗത്തു നിന്നും നിരവധി വാഹനങ്ങൾ ഇവിടെ എത്തി തിരിച്ചു പോകുന്നുണ്ട്. സമീപത്തെ വിബറേജസ് ചില്ലറ വില്പനശാലയിൽ പോകാനെത്തുന്നവരുടെ നൂറുകണക്കിൽ ഇരുചക്രവാഹനങ്ങൾ ഇപ്പോഴും ഗേറ്റിന് കിഴക്ക് വശം പാർക്കു ചെയ്തിതിരിക്കുന്നത് കാണാം.

ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ

ലെവൽ ക്രോസ് അടച്ചു പൂട്ടിയതിനെത്തുടർന്ന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് സമീപത്തെ ചെറുകിട കച്ചവടക്കാരുൾപ്പടെയുള്ളവരാണ്. വാഹന ഗതാഗതവും യാത്രക്കാരും ഇല്ലാതായതോടെ ഇവർ ബുദ്ധിമുട്ടിലായി. നിലവിലുള്ള രീതി തുടർന്നാൽ അനിശ്ചിതമായി ഈ നില തുടരും. ഒരു പക്ഷേ ഇനി മാളിയേക്കൽ മേൽപ്പാലത്തിൽക്കൂടി ആയിരിക്കും ഗതാഗതം തുടരുക. അതോടെ മാളിയേക്കൽ ലെവൽ ക്രോസ് ചരിത്രത്തിലേയ്ക്ക് ചേക്കേറും.