കൊല്ലം: കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റതുമായി ബന്ധപ്പെട്ട്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രണ്ടുപേരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്തി. നാലുപേരെ താക്കീത് ചെയ്തു.
കരുനാഗപ്പള്ളിയിൽ സി.പി.ഐ സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന പി.ആർ. വസന്തൻ, കുണ്ടറയിൽ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്ന എൻ.എസ്. പ്രസന്നകുമാർ എന്നിവരെയാണ് തരംതാഴ്ത്തിയത്. കരുനാഗപ്പള്ളിയിലെ പരാജയത്തിൽ ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, കുണ്ടറയിലെ പരാജയത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവുമായ ബി. തുളസീധരക്കുറുപ്പ്, കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവരെയാണ് താക്കീത് ചെയ്തത്. ജില്ലാ കമ്മിറ്റി യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാത്തതിനാൽ കൊട്ടിയത്ത് നിന്നുളള ഏരിയ കമ്മിറ്റി അംഗം ആർ. ബിജുവിനെയും താക്കീത് ചെയ്തു. കരുനാഗപ്പള്ളിയിലെ പരാജയത്തിൽ ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവന്റെ വിശദീകരണം തൃപ്തികരമായതിനാൽ നടപടിയിൽ നിന്നു ഒഴിവാക്കി.
കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ എൽ.ഡി.എഫ്.തോൽവി അന്വേഷിക്കാൻ കെ. സോമപ്രസാദ് എം.പി കൺവീനറും സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം ശങ്കരപിള്ള എന്നിവർ അംഗങ്ങളായും കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 30ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഏഴ് നേതാക്കളോട് വിശദീകരണം ആവശ്യപ്പെട്ടു. ഇവരുടെ വിശദീകരണം ഇന്നലെ രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. ഒരു മണ്ഡലത്തിലെ തന്നെ പല നേതാക്കളുടെയും വിശദീകരണ കുറിപ്പുകളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വൈകിട്ട് ആറോടെയാണ് നടപടി സംബന്ധിച്ച ധാരണയിലെത്തിയത്. പിന്നീട് ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഒരു മണിക്കൂറിനുള്ളിൽ നടപടി അംഗീകരിച്ച് പിരിഞ്ഞു.
ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയേറ്റ് തീരുമാനിച്ച നടപടി വിശദീകരിച്ച ശേഷം അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ഘട്ടമായി കൈ പൊക്കാൻ ആവശ്യപ്പെട്ടു. എതിത്ത് കൈ ഉയർത്തിയവരുടെ വിശദീകരണം കേട്ടെങ്കിലും സെക്രട്ടറിയേറ്റ് തീരുമാനം അംഗീകരിച്ച് പിരിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
സെക്രട്ടേറിയേറ്റ് യോഗത്തിൽ തർക്കം
കൊല്ലം: കുണ്ടറയിലെ പരാജയവുമായി ബന്ധപ്പെട്ട് ബി. തുളസീധരക്കുറുപ്പിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷമായ തർക്കം.
കഴിഞ്ഞമാസം 30ന് ചേർന്ന ജില്ലാകമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം നേതാക്കൾ നൽകിയ വിശദീകരണക്കുറിപ്പ് ആദ്യം ചർച്ച ചെയ്തു. ശേഷം ബി. തുളസീധരക്കുറുപ്പ് അടക്കം മൂന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള നിർദ്ദേശം ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ചു. ഇതിനെതിരെ സെക്രട്ടേറിയറ്റിലെ ഒരുവിഭാഗം രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ ചുമതല നൽകിയ ശേഷം പരാജയത്തിന്റെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു വാദം. തർക്കം രൂക്ഷമായതോടെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്നു. ഈ യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബി. തുളസീധരക്കുറുപ്പിന് അനുകൂലമായി ശക്തമായ നിലപാടെടുത്തു. ഇതോടെ തുളസീധരക്കുറുപ്പിന് എതിരായ നടപടി താക്കീതിൽ ഒതുക്കുകയായിരുന്നു.