കരുനാഗപ്പള്ളി: സുനാമി പുനരധിവാസ കോളനികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.ആർ.മഹേഷ് എം.എൽ.എ നിയമസഭയിൽ സബമിഷൻ അവതരിപ്പിച്ചു. 2004ൽ ഉണ്ടായ സുനാമി ദുരന്തത്തെ തുടർന്ന് 1465 കുടുംബങ്ങളെയാണ് ആലപ്പാട്ട് നിന്ന് മാറ്റി പാർപ്പിച്ചത്. ഇവർക്കുള്ള വീടുകൾ സർക്കാരും സന്നദ്ധ സംഘടനകളുമാണ് നിർമ്മിച്ച് നൽകിയത്. 729 വീടുകൾ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ മാത്രമായി സർക്കാർ നിർമ്മിച്ച് നൽകി. നിലവിൽ വീടുകളുടെയും സുനാമി പുനരധിവാസ കോളനികളുടെയും സ്ഥിതി ഏറെ പരിതാപകരമാണ്. ദുരന്തം കഴിഞ്ഞ് 17 വർഷങ്ങൾ പിന്നിടുമ്പോൾ വീടുകൾ പൂർണമായും തകർച്ചയുടെ വക്കിലാണ്. സുനാമി കോളനികളുടെ നവീകരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി സ്പീക്കർ സഭയെ അറിയിച്ചു.