na
തഴവ അരുവിപ്പുറം-പണയിൽ ജംഗ്ഷൻ റോഡിൽ മഴയെ തുടർന്ന് മലിനജലം പരന്നൊഴുകുന്നു.

തഴവ: മതിയായ ആസൂത്രണമില്ലാതെ നടത്തുന്ന റോഡ് നിർമ്മാണങ്ങൾ പതിവായതോടെ മഴക്കാലത്ത് വഴി നടക്കാനാകാതെ വലയുകയാണ് ഉൾനാടൻ ഗ്രാമവാസികൾ. കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിൽ കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിനടിയിലായി. അശാസ്ത്രീയമായി നടത്തുന്ന റോഡ് നിർമ്മാണങ്ങളും അനിയന്ത്രിതമായ നിലം നികത്തലുകളുമാണ് റോഡുകളുടെ ദുരിതാവസ്ഥയ്ക്ക് കാരണം. ഉൾനാടൻ പ്രദേശങ്ങളിലെ നീരൊഴുക്കിന് വലിയ പങ്ക് വഹിച്ചിരുന്ന ചെറിയ തോടുകളിൽ ഭൂരിഭാഗവും നികത്തി റോഡ് നിർമ്മിച്ചതോടെ മഴ പെയ്താൽ റോഡുകൾ വെള്ളക്കെട്ടായി മാറും.

ഓടകളില്ലാത്തതിനാൽ

വെള്ളം ഒഴുകിപോകാനുള്ള മാർഗമുണ്ടാക്കാതെ കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ ഭൂരിഭാഗം റോഡുകളും പുനർനിർമ്മാണം നടത്തിയാൽ മാസങ്ങൾക്കുള്ളിൽത്തന്നെ വെള്ളക്കെട്ടായി ഇടിഞ്ഞ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിത്തീരുന്ന അവസ്ഥയാണ്. കുലശേഖരപുരം മാടവന ജംഗ്ഷൻ - മൂത്തേത്ത് ജംഗ്‌ഷൻ റോഡ്, ഗീതാഞ്ജലി ജംഗ്ഷൻ - കൊന്നേത്തറ ജംഗ്ഷൻ റോഡ്, ചക്കാല മുറിയിൽ - മുളയ്ക്കത്തറ ജംഗ്ഷൻ റോഡ്, വാഴമുക്ക് - കണ്ടാത്ത റ ജംഗ്ഷൻ റോഡ്, മുറം ജംഗ്ഷൻ - കളിയ്ക്കൽ ജംഗ്ഷൻ റോഡ്,വള്ളിക്കാവ് അമ്മൻകുളം -കോട്ടൂർ ജംഗ്ഷൻ റോഡ്, പുന്നക്കുളം താഴത്തോടത്ത് ജംഗ്ഷൻ - കൊച്ചുമഠം റോഡ്, പുതിയകാവ് പൂച്ചക്കട - തറവീട്ടിൽ ജംഗ്ഷൻ റോഡ് തഴവ കാട്ടൂർ മഠം - തോണ്ടുതറ ജംഗ്ഷൻ റോഡ്, അരുവിപ്പുറം- പണയിൽ ജംഗ്‌ഷൻ റോഡ്, കുരിശുംമൂട് - ഒറ്റത്തെങ്ങിൽ റോഡ്, ആലക്കോട്ട് ജംഗ്ഷൻ -തലയണത്തറ റോഡ് തുടങ്ങി ഭൂരിഭാഗം റോഡുകളും ഓടകളില്ലാത്തതിനാൽ ദുരിതാവസ്ഥയിലാണ്. കുലശേഖരപുരം വള്ളിക്കാവ് ഒന്ന്, രണ്ട് വാർഡുകളിലും ,പുതിയകാവ് താഴത്തോടത്ത് ജംഗ്ഷന് സമീപപ്രദേശങ്ങളിലുമായി നൂറോളം കുടുംബങ്ങളാണ് നീരൊഴുക്ക് ഇല്ലാത്തതിനാൽ ദുരിതത്തിലായിരിക്കുന്നത്.

മഴയത്ത് റോഡിൽ മാലിന്യം പരന്നൊഴുകും

മഴ ശക്തമാകുന്നതോടെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ റോഡിലൂടെ പരന്ന് ഒഴുകുന്ന ഗതികേടാണ് നിലനിൽക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിലെ പ്രധാന മാർക്കറ്റായ വള്ളിക്കാവിൽ ഫെഡറൽ ബാങ്ക് ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള കച്ചവട സ്ഥാപനങ്ങൾക്ക് അകത്തേക്ക് പോലും മഴക്കാലത്ത് മലിനജലം കയറുന്ന അവസ്ഥയാണ്. ഇവിടെ റോഡിന് ഇരുവശവും ഓട നിർമ്മിയ്ക്കണമെന്ന് വിവിധ വ്യാപാര സംഘടനകൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ നടപടിയില്ല.