12-
വലിയഴീക്കൽ ആർച്ച് പാലം

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ പാലം

കൊല്ലം: ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കായംകുളം കായലിൽ നിർമ്മിച്ച, ദക്ഷിണേഷ്യയിലെ ഏ​റ്റവും നീളമേറിയ ബോ സ്ട്രിംഗ് ആർച്ച്​ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പാലം തുറക്കുന്നതോടെ ടൂറിസം സാദ്ധ്യതകളും വർദ്ധിക്കും.

ഇംഗ്ലണ്ടിൽ നിന്ന്​ എത്തിച്ച മാക്ക് അലോയ് ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്റിക്കുന്നത്. 2015 ഏപ്രി​ൽ 4ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശിലാസ്ഥാപനം നടത്തിയത്. ഊരാളുങ്കൽ കൺസ്ട്രക്ഷൻ ലേബർ സൊസൈ​റ്റി കരാറെടുത്തു. സ്​റ്റേ​റ്റ് ഫ്‌ളാഗ് ഷിപ്പ് പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ജോലികൾ നടത്തിയത്. വസ്തു ഏ​റ്റെടുക്കുന്നതിലെ കാലതാമസം ജോലികൾ നീളാൻ കാരണമായി​. മുൻ മന്ത്റി ജി. സുധാകരൻ നേരിട്ട് ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. പാലത്തിനടിയിലൂടെ വലിയ മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായി കടന്നുപോകാനാവും.

പാലം ഗതാഗത യോഗ്യമാകുന്നതോടെ വലിയഴീക്കൽ, അഴീക്കൽ ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഇടംപിടിക്കും. അഴീക്കൽ ബീച്ച്, ആയിരംതെങ്ങ് കണ്ടൽപാർക്ക് തുടങ്ങിയവയെ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനും വഴിയൊരുങ്ങും. അഴീക്കൽ ഹാർബർ വികസനവും വേഗത്തിലാകും. പാലത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് കടലിലെയും കായലിലെയും കാഴ്ചകൾ ആസ്വദിക്കാനാകും. സൂ​ര്യോദയവും അസ്തമയവും പാലത്തിൽ നിന്ന് കാണാനാവും. വലിയഴീക്കൽ- അഴീക്കൽ യാത്രയി​ൽ 28 കിലോമീ​റ്ററാണ്​ ലാഭിക്കാനാകുക. ദേശീയപാതയിൽ ഗതാഗത തടസമുണ്ടായാൽ തൃക്കുന്നപ്പുഴ-​ വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനാകും.

മന്ത്രി ഇന്നെത്തും

പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്റി മുഹമ്മദ് റിയാസ്, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ് എന്നിവർ ഇന്ന് പാലം സന്ദർശിക്കും. പാലത്തിലൂടെ ഇവരുടെ വാഹനം കടന്നു പോകും. വൈകിട്ട് അഞ്ചോടെ എൻ.ടി.പി.സി ഗസ്​റ്റ് ഹൗസിൽ എത്തുന്ന സംഘം വലിയഴീക്കലിൽ നിന്ന് അഴീക്കലിലേക്ക് യാത്ര ചെയ്യും. വിനോദ സ​ഞ്ചാരികളെ ആകർഷിക്കാൻ പാലത്തിൽ സ്ഥിരമായി വൈദ്യുതാലങ്കാരങ്ങൾ സ്ഥാപിക്കാൻ ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഉണരും ടൂറിസം സാദ്ധ്യതകൾ

 പാലം കായംകുളം പൊഴിക്ക് അഭിമുഖമായി

 976 മീ​റ്റർ നീളം, 13 മീ​റ്റർ വീതി, 29 സ്പാനുകൾ

 നവംബർ ആദ്യം ഉദ്ഘാടനം നടന്നേക്കും

 മദ്ധ്യഭാഗത്ത് 110 മീ​റ്റർ നീളത്തിൽ മൂന്നു ബോ സ്ട്രിംഗ് ആർച്ചുകൾ

 ദക്ഷിണേഷ്യയിലെ ഏ​റ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആർച്ച്

 ₹ 146 കോടി: പാലത്തിന്റെ ആകെ ചെലവ്