തഴവ: സ്റ്റേഡിയം വിഷയത്തിൽ അടിയന്തര പ്രമേയാനുമതി നിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ കുലശേഖരപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻതെരുവ് സ്റ്റേഡിയത്തിൽ നിന്ന് അഞ്ച് സെന്റ് ഭൂമി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് സൗജന്യമായി എഴുതികൊടുത്ത 2007 ലെ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി അസ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട പ്രമേയത്തിനാണ് അവതരണാനുമതി നിഷേധിച്ചത്. പഞ്ചായത്ത് വിലകൊടുത്തുവാങ്ങിയ സ്റ്റേഡിയത്തിന്റെ ഭാഗമായുള്ള കോടികൾ വിലമതിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നിയമ സാദ്ധ്യതകൾ ഉണ്ടായിട്ടും നിലവിലെ ഭരണ സമിതി നടപടി സ്വീകരിക്കാത്തതിന്റെ പിന്നിൽ സി.പി.എമ്മിന്റെ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമാണെന്നും സ്റ്റേഡിയം നശിച്ചാലും ലൈബ്രറി കൗൺസിലിന് ഭൂമി വിട്ടുകൊടുക്കണമെന്ന എൽ.ഡി.എഫ് വാദം യുവജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുവാൻ തീരുമാനിച്ചതായി യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇർഷാദ് ബഷീർ, കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് ആഷിക്, ആദിനാട് മണ്ഡലം പ്രസിഡന്റ് അരുൺ എന്നിവർ അറിയിച്ചു.