കൊട്ടാരക്കര: രണ്ടു ദിവസമായി തുടരുന്ന മഴയിൽ വെട്ടിക്കവല കണ്ണംകോട് തെങ്ങുവിള പടിഞ്ഞാറ്റതിൽ അനിൽകുമാറിന്റെ വീട് അടുക്കളയും ചിമ്മിനിയും ഉൾപ്പടെ ഇന്നലെ രാവിലെ ആറരയോടെ തകർന്നു വീണു. വീട് തകർന്നു വീഴുമ്പോൾ വീട്ടിലുണ്ടായിരുന്ന അനിൽകുമാറും ഭാര്യ അജിതയും രണ്ടു പെൺമക്കളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അടുക്കളഭാഗമായതിനാൽ ആരുടെയും ദേഹത്തു വീണില്ല. കൂലിപ്പണിക്കാരനായ അനിൽകുമാർ ശാരീരിക അവശതയെ തുടർന്ന് കുറേ നാളായി പണിക്കൊന്നും പോകുന്നില്ല. ഭാര്യ അജിത തൊഴിലുറപ്പ് പണിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. 2018ൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ കുടുംബം ജില്ലാ കളക്ടർ ഉൾപ്പടെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. ബ്ലോക്ക് പഞ്ചായത്തോ , ഗ്രാമ പഞ്ചായത്തോ മുൻകൈയ്യെടുത്ത് അനിൽകുമാറിന് വീടനുവദിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.