nk-
ട്രെയിൻ സർവ്വീസുകൾ പൂർണ്ണതോതിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിവേദനം നൽകുന്നു

കൊല്ലം: ചെങ്കോട്ട പാതയിലെ ട്രെയിനുകളിൽ വിസ്റ്റാഡോം കോച്ച് സർവ്വീസ് പരിഗണിക്കുമെന്നും കേരളത്തിലെ ട്രെയിൻ സർവ്വീസ് പൂർണ്ണതോതിൽ പൂർവ്വസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് റെയിൽവേ ബോർഡ് ചെയർമാൻ ഉറപ്പു നൽകി.

സഞ്ചാരികൾക്ക് ഏറെ ആകർഷകമായ വിസ്റ്റാഡോം കോച്ച് സർവ്വീസ് ആരംഭിച്ചാൽ കൊല്ലം ചെങ്കോട്ട പാതയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വികസന സാദ്ധ്യത വർദ്ധിക്കും. തെന്മല എക്കോ ടൂറിസം, കഴുതുരുട്ടി, പാലരുവി, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ പ്രാധാന്യം ബോർഡ് ചെയർമാനുമായുള്ള ചർച്ചയിൽ എം.പി വിശദീകരിച്ചു. കേരളത്തിലെ ട്രെയിൻ സർവ്വീസ് ഇപ്പോഴും കൊവിഡിനു മുമ്പുള്ള സ്ഥിതിയിലായിട്ടില്ല. ട്രെയിനുകൾ സ്പെഷ്യലായി ഓടുന്നതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലാണെന്നും എം.പി പറഞ്ഞു. ദക്ഷിണമേഖല റയിൽവേ ജനറൽ മാനേജരുമായി ഫോണിൽ ചർച്ച നടത്തിയ എം.പി പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.