പരവൂർ: എല്ലാ എക്സ്‌പ്രസ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് യാത്ര അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വഞ്ചിനാട്, ഇന്റർസിറ്റി, വേണാട്, പരശുറാം, മലബാർ, മധുര - പുനലൂർ സ്പെഷ്യൽ എക്സ്‌പ്രസ്, എന്നീ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് അനുവദിക്കാത്തത് യാത്രക്കാരോടുള്ള ദ്രോഹമാണ്. കേരളത്തിലാകമാനം എട്ട് ട്രെയിനുകളിൽ മാത്രമാണ് സീസൺ യാത്ര അനുവദിച്ചിട്ടുള്ളത്. സീസൺ ടിക്കറ്റുകൾ ചില ട്രെയിനുകളിൽ മാത്രമാക്കാനുള്ള നീക്കം റെയിൽവേ പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. ദിനേശ് മണി, കൺവീനർ ജെ. ഗോപകുമാർ, നിർമ്മൽകുമാർ, ടി.പി. ദീപുലാൽ, ചിതറ അരുൺ ശങ്കർ, സന്തോഷ് രാജേന്ദ്രൻ, അജിത്ത് കുമാർ ജോഷി, എഴുവാൻകോട് രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.